തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും

941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.

Update: 2020-01-19 06:52 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് നാളെ  പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും നാളെ മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. 2020 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണ്.

വോട്ടര്‍പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തല്‍ വരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്‌റ്റേഷന്‍/വാര്‍ഡ് മാറ്റത്തിനും (ഫാറം 7) ഓണ്‍ലൈന്‍ അപേക്ഷ വേണം സമര്‍പ്പിക്കേണ്ടത്. പേര് ഒഴിവാക്കുന്നതിന് ഫാറം 5ല്‍ നേരിട്ടോ തപാലിലൂടെയോ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in എന്ന സൈറ്റിലാണ് സമര്‍പ്പിക്കേണ്ടത്. വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പരിശോധനയ്ക്ക് ലഭിക്കും. കമ്മീഷന്റെ വെബ്‌സൈറ്റായ www.lsgelection.kerala.gov.in ലും ലഭ്യമാണ്. അംഗീകൃത ദേശീയ പാര്‍ട്ടികള്‍ക്കും കേരള സംസ്ഥാന പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകള്‍ സമര്‍പ്പിക്കാവുന്നതാണ്. പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംബന്ധിച്ച് നഗരകാര്യ റീജിയണല്‍ ഡയറക്ടര്‍മാരുമാണ് അപ്പീല്‍ അധികാരികള്‍.

Tags:    

Similar News