കെ സി സലീമിന് ഡോ. എം അഹ്മദ് പുരസ്‌കാരം

Update: 2022-02-11 10:57 GMT

കോഴിക്കോട്: തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ. എം അഹ്മദിന്റെ പേരിലുള്ള പുരസ്‌കാരം എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡപ്യൂട്ടി ഡിറക്റ്ററുമായ കെ സി സലീമിന്.

തലശ്ശേരി മുസ്‌ലിം അസോസിയേഷന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോ. അഹ്മദ് തലശ്ശേരിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ തന്റേതായ ഇടം കൊത്തിവെച്ച് അകാലത്തില്‍ മറഞ്ഞു പോയ ഒരു മഹദ് വ്യക്തിയായിരുന്നു. യാത്രകളിലും ക്ലിനിക്കിലും വീട്ടിലുമെല്ലാം പുസ്തകങ്ങളെ കൊണ്ടു നടന്നിരുന്ന കൈപുണ്യമുള്ള ആ ഭിഷഗ്വരന്റെ ശ്രമഫലമായാണ് തലശ്ശേരിക്കടുത്ത പൊന്ന്യത്ത് അഞ്ച് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 33 മുറികളുള്ള ഒരു പ്രസിദ്ധ കെട്ടിടത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്‌നു സീനയുടെ പേരില്‍ ഒരാശുപത്രി ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്ക് ജാതിമതഭേദമെന്യേ സൗജന്യമായോ സൗജന്യ നിരക്കിലോ ചികിത്സ ലഭ്യമാക്കിയ കേരളത്തിലെ ആദ്യ മുസ്‌ലിം സംരംഭങ്ങളിലൊന്നായിരുന്നു ഇബ്‌നൂ സീനാ ആശുപത്രി.

ശ്രദ്ധേയമായ പ്രവാചകജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ആ കാലയളവിലാണ് അദ്ദേഹം മുന്‍കയ്യെടുത്ത് എഴുപതുകളുടെ അവസാനം ഹിറാ പ്രസ്സ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണാലയത്തിന് രൂപം നല്‍കി, പ്രസിദ്ധ ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്ന ഹൈക്കലിന്റെ ഹയാത്ത് മുഹമ്മദ് എന്ന വിഖ്യാതകൃതിയുടെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചത്. മുഹമ്മദ് എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ പരിഭാഷകര്‍ പ്രഫ. കെ പി കമാലുദ്ദീന്‍, വി എ കബീര്‍ എന്നിവരായിരുന്നു. മലയാളത്തില്‍ സമഗ്രമായ ആദ്യത്തെ പ്രവാചകജീവചരിത്രമായിരുന്നു അത്. തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ നാല്‍പത്തി എട്ടാം വയസ്സില്‍ മരണമടഞ്ഞ ഡോ. അഹ്മദിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് പ്രസിദ്ധ എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവും ഒരു ഡസനിലേറെ വിഖ്യാത ഗ്രന്ഥങ്ങളുടെ പരിഭാഷകനും പത്രപ്രവര്‍ത്തകനുമായ കെ സി സലീമിന് നല്‍കാന്‍ തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ തീരൂമാനിച്ചത്.

തലശ്ശേരി സ്വദേശിയായ സലീം പത്ത് വര്‍ഷത്തിലേറെക്കാലം ഒമാനിലെ ടൈംസ് ഓഫ് ഒമാന്‍ ദിനപത്രത്തിന്റെ കേരളാ കറസ്‌പോന്റായിരുന്നു. പ്രബോധനം വാരികയില്‍ സഹപത്രാധിപരും മലര്‍വാടി ബാലമാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ - പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ റീജനല്‍ ഡിറക്റ്ററായിരുന്നു. വിവിധ ജില്ലകളിലും ഡല്‍ഹിയിലും ഇന്‍ഫര്‍മേഷന്‍ ഓഫിസറായിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ററാക്റ്റീവ് www.interactive.net.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. നാല് വര്‍ഷത്തിലധികം അതിന്റെ എഡിറ്ററായിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയുടെ പാലം പണിയുകയെന്ന ലക്ഷ്യത്തോടെ ഷിക്കാഗോയിലെ ഈസ്റ്റ് വെസ്റ്റ് യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകരിലൊരാളും സുപ്രസിദ്ധ പണ്ഡിതനുമായ ഡോ. സഫി കസ്‌കസ്, പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ ഡോ. ഡേവിഡ് ഹംഗര്‍ഫോര്‍ഡുമായി ചേര്‍ന്ന് പത്ത് വര്‍ഷത്തിലേറെക്കാലത്തെ ഗവേഷണത്തിന് ശേഷം ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വിത് റഫറന്‍സസ് റ്റു ദി ബൈബിള്‍ എന്ന മഹത്തായ കൃതിയുടെ പരിഭാഷയായ ഖുര്‍ആന്‍, ബൈബിള്‍ ഒരു താരതമ്യവായന ആണ് ഏറ്റവും ശ്രദ്ധേയമായ വിവര്‍ത്തനകൃതി. ആറായിരത്തിലേറെ വരൂന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്

അടിക്കുറിപ്പുകളായി സമാനമായ മുവ്വായിരത്തിലേറെ ബൈബിള്‍ വാക്യങ്ങള്‍ നല്‍കിയിട്ടുള്ള ഈ ഗണത്തില്‍ പെട്ട ചരിത്രത്തിലെ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷയായ ഈ കൃതി ഇതിനകം വിവിധ ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഇറ്റാലിയന്‍ പരിഭാഷ പോപ്പിന്റെ ഔദ്യോഗിക മേശപ്പുറത്തെ സ്ഥിരം റഫറന്‍സ് ഗ്രന്ഥമാണ്.

ഒരു രാഷ്ട്രത്തലവന്റെ മൂന്ന് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കേരളത്തിലെ ഏകവ്യക്തിയാണ് സലീം. യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൈ വിഷന്‍ (എന്റെ ദര്‍ശനം), ഫഌഷസ് ഓഫ് തോട്ട് (ചിന്താസ്ഫുരണങ്ങള്‍), റിഫഌക്ഷന്‍സ് ഓണ്‍ ഹാപ്പിനസ്സ് ആന്റ് പോസിറ്റിവിറ്റി (ശുഭാത്മക ചിന്തകള്‍) എന്നിവ അദ്ദേഹമാണ് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത്.

സിയാവുദ്ദീന്‍ സര്‍ദാറിന്റെ സ്വര്‍ഗം തേടി: ഒരു മുസ്‌ലിം സന്ദേഹിയുടെ യാത്രകള്‍ ആണ് ശ്രദ്ധേയമായ മറ്റൊരു വിവര്‍ത്തനകൃതി. യൂസുഫ് ഇസ്‌ലാം (കാറ്റ് സ്റ്റീവന്‍സ്) രചിച്ച എന്ത്‌കൊണ്ട് ഞാന്‍ ഇപ്പോഴും ഗിറ്റാര്‍ കയ്യിലേന്തുന്നു, മുഹമ്മദ് അസദിന്റെ രാഷ്ട്രവും ഭരണകൂടവും, ഇസ്മായീല്‍ റാജി അല്‍ ഫാറൂഖിയുടെ തൗഹീദിന്റെ ദര്‍ശനം, വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം, മുഹമ്മദ് എ ജെ അല്‍ ഫഹീമിന്റെ വറുതിയില്‍ നിന്ന് വൃദ്ധിയിലേക്ക്, ഡോ അലി ശരീഅത്തിയുടെ സാമൂഹ്യശാസ്ത്ര ലേഖനങ്ങള്‍, താരീഖ് റമദാന്റെ മൗലിക പരിഷ്‌കരണം (ആദ്യപാതി) എന്നിവയാണ് ഇതര വിവര്‍ത്തനകൃതികള്‍.

ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ കേസിയാ അലി രചിച്ച സെക്ഷ്വല്‍ എത്തിക്‌സ് ആന്റ് ഇസ്‌ലാം: ഫെമിനിസ്റ്റ് റിഫഌക്ഷന്‍സ് ഓണ്‍ ഖുര്‍ആന്‍, ഹദീസ് ആന്റ് ഇസ്‌ലാമിക് ജൂറിസ്പ്രുഡന്‍സ് എന്ന കൃതിയുടെ ആദ്യഭാഗവും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മുഹമ്മദ് അസദിന്റെ വിഖ്യാത ഖുര്‍ആന്‍ വിവര്‍ത്തനകൃതിയായ ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം പൂര്‍ത്തിയാക്കി. നാല് വാല്യങ്ങളിലായുള്ള ഇതിന്റെ ഒന്നാം ഭാഗം റമദാനില്‍ പ്രസിദ്ധീകൃതമാവും. തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്, നന്മയുടെ വൃക്ഷങ്ങള്‍, മുഹമ്മദ് അസദിന്റെ യാത്രകള്‍ - മറ്റു വായനാ സഞ്ചാരങ്ങളും എന്നിവ സ്വന്തം കൃതികള്‍. ഇതിന് പുറമെ, എഡ്വേര്‍ഡ് സെയ്ദ്, ഹെലന്‍ കരേറെ ദങ്കാസ്, മെറീല്‍ വെയ്ന്‍ ഡേവിസ്, അരുന്ധതി റോയി എന്നിവരുടേതടക്കം പ്രമുഖരായ പലരുടെയും ലേഖനങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റി.

പ്രമുഖ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷാ പണ്ഡിതനും കവിയും മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാന്‍ സെ അച്ചാ എന്ന കവിതയുടെ മലയാള പരിഭാഷകനുമായിരുന്ന മൂസാ നാസിഹിന്റെ മകനായി 1954ലാണ് ജനനം.

മുബാറക്കാ ഹൈസ്‌ക്കൂള്‍, ഗവ. ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. ബിഎ ഡിഗ്രി പരീക്ഷയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് നേടുകയും ഫാറൂഖ് കോളജില്‍

നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ചെയ്ത, 28 വര്‍ഷക്കാലം കണ്ണൂര്‍ ജില്ലയിലെ വിവിധ ഗവ. ഹൈസ്‌ക്കൂളുകളില്‍ അധ്യാപികയും പ്രധാനാധ്യാപികയുമായിരുന്ന ഷമീം ആണ് സഹധര്‍മ്മിണി. ജേണലിസ്റ്റായ ശൗഖീന്‍ മിസാജ്, അമേരിക്കന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനിയില്‍ ഡാറ്റാ എഞ്ചിനീയറായ ജാവേദ് ഫര്‍സാന്‍, ഓഡിയോളജിസ്റ്റായ ഫരിശ്താ തഹ്‌സീന്‍ എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: റിയാസ് ബാബു (കേന്ദ്രഗവണ്മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ സീനിയര്‍ ഓഫിസര്‍), ഡോ. ലബീബാ മഹ്മൂദ് (ജനറല്‍ പ്രാക്റ്റീഷണര്‍), ഇന്‍സ്വാഫ് റഹ്മത്തുല്ല (ബെല്‍, കാനഡ).

Tags: