സ്ത്രീധന പീ‍ഡനം: ഒരു ദിവസം ലഭിച്ചത് 184 പരാതികള്‍

മൊബൈല്‍ ഫോണിലൂടെയാണ് ഇന്നുമാത്രം ഇത്രയധികം പരാതികള്‍ ലഭിച്ചത്.

Update: 2021-06-23 17:17 GMT

തിരുവനന്തപുരം: കൊല്ലത്ത് വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പോലിസ് ക്രമീകരിച്ച പുതിയ സംവിധാനത്തിലേക്ക് പരാതികളുടെ പ്രവാഹം. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്ന സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്കും അപരാജിതയിലേക്കുമായി 184 പരാതികളാണ് ലഭിച്ചത്.

സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിക്ക് ബുധനാഴ്ച 108 പരാതികള്‍ ലഭിച്ചു. മൊബൈല്‍ ഫോണിലൂടെയാണ് ഇന്നുമാത്രം ഇത്രയധികം പരാതികള്‍ ലഭിച്ചത്.

ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലിസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ബുധനാഴ്ച വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണിത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് അപരാജിത സംവിധാനം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

9497999955 എന്ന നമ്പറില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറെ പരാതി അറിയിക്കാം. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ഫോണ്‍ 9497996992.