ഇരട്ടവോട്ട്: നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് കത്ത് നല്‍കി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ 15,235 വോട്ടും, അരൂരില്‍ 12,273 വോട്ടും, എറണാകുളത്ത് 44,33 വോട്ടും, കോന്നിയില്‍ 10,707 വോട്ടുമാണ് ഇരട്ടവോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.

Update: 2019-10-18 15:36 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലുള്ള 33,000 ലേറെ ഇരട്ടവോട്ടുകളിന്‍മേല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് കത്ത് നല്‍കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ 15,235 വോട്ടും, അരൂരില്‍ 12,273 വോട്ടും, എറണാകുളത്ത് 44,33 വോട്ടും, കോന്നിയില്‍ 10,707 വോട്ടുമാണ് ഇരട്ടവോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ഉദ്ദേശത്തോടെ കള്ളസത്യാവാങ്മൂലങ്ങള്‍ നല്‍കി വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വ്യാപകമായ തോതില്‍ ഇരട്ടവോട്ടുകള്‍ ചേര്‍ത്തതെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 31, 62 എന്നിവ അനുസരിച്ചും ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 171 ഡി അനുസരിച്ചും കുറ്റകരമാണ്.

ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും വീഴ്ചയും കാണിച്ച ഉദ്യോഗസ്ഥരും ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 32(1) പ്രകാരം കുറ്റക്കാരാണ്. ഇതുസംബന്ധിച്ച് നാല് മണ്ഡലങ്ങളിലെ യുഡിഎഫിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റുമാര്‍ നല്‍കിയ പരാതിയിന്‍മേല്‍ നടപടിയെടുക്കുകയും ഇരട്ടവോട്ടുകള്‍ ഉപയോഗിച്ച് ജനാധിപത്യപ്രക്രിയ അട്ടിമറിക്കുന്നത് തടയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    

Similar News