ഇരട്ടക്കൊലപാതകം; പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ തുടരും

Update: 2022-04-20 12:54 GMT

പാലക്കാട്: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. ഏപ്രില്‍ 24ന് ഞായറാഴ്ച വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഈ മാസം 16നാണ് പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് ആറ് മണി വരെയായിരുന്നു നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടായിരുന്നത്. ജില്ലാ പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്‌ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും നിയമപാലന വിഭാഗത്തിനും ഉത്തരവ് ബാധകമല്ല.

പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈര്‍, ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. കൊലപാതകങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചിട്ടുണ്ട്.

Tags: