വോട്ടിനു വേണ്ടി വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തി മതസൗഹാര്‍ദ്ദം തകര്‍ക്കരുത്:സഭാ സുതാര്യ സമിതി

ക്രിസ്ത്യന്‍- മുസ് ലിം വിരോധം വളര്‍ത്തി ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാനുള്ള ശ്രമം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു.ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍, കാസാ, ക്രോസ് തുടങ്ങിയ പേരുകളില്‍ തുടങ്ങിയിരിക്കുന്ന സംഘടനകള്‍ ചില പ്രത്യേക രാഷ്ട്രീയ അജണ്ടകള്‍ നിറവേറ്റാന്‍ രാഷ്രീയ പാര്‍ട്ടികള്‍ തന്നെ മുന്‍കൈ എടുത്തു രൂപം കൊടുത്തിരിക്കുന്നതായി സംശയിക്കുന്നു

Update: 2021-01-14 10:00 GMT

കൊച്ചി : വോട്ടിനു വേണ്ടി വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തി മതസൗഹാര്‍ദ്ദം തകര്‍ക്കരുതെന്ന് സഭാ സുതാര്യ സമിതി.അടുത്ത കാലത്തായി കേരളത്തില്‍ ക്രിസ്ത്യന്‍- മുസ് ലിം വിരോധം വളര്‍ത്തി ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാനുള്ള ശ്രമം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍, കാസാ, ക്രോസ് തുടങ്ങിയ പേരുകളില്‍ തുടങ്ങിയിരിക്കുന്ന സംഘടനകള്‍ ചില പ്രത്യേക രാഷ്ട്രീയ അജണ്ടകള്‍ നിറവേറ്റാന്‍ രാഷ്രീയ പാര്‍ട്ടികള്‍ തന്നെ മുന്‍കൈ എടുത്തു രൂപം കൊടുത്തിരിക്കുന്നതായി സംശയിക്കണമെന്നും സഭാസുതാര്യ സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍ ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍,വക്താവ് ഷൈജു ആന്റണി എന്നിവര്‍ പറഞ്ഞു.

ഇത്തരം സംഘടനകളെല്ലാം സംഘപരിവാര മുദ്രാവാക്യങ്ങളെ ഏറ്റെടുക്കുന്നതും ബിജെപി രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതും സംശയകരമാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ ഒരു പ്രമുഖ നേതാവായ നോബിള്‍മാത്യു കെസിബിസി യുടെ മുദ്ര പോലും ഉപയോഗിച്ച് വര്‍ഗ്ഗീയവിഷം പരത്താന്‍ ശ്രമിച്ചതിനെതിരെ കെസിബിസി രംഗത്തു വന്നിരുന്നു. കെസിബിസിയുടെ ഈ നടപടിയെ സഭാ സുതാര്യ സമിതി സ്വഗതം ചെയ്യുന്നതായും ഭാരവാഹികള്‍ പറഞ്ഞു.മുസ്‌ലിം സമുദായത്തിനെതിരെ ആരോപണങ്ങളുയര്‍ത്തുന്ന ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്‍സില്‍, കാസ, ക്രോസ്സ് തുടങ്ങിയ കടലാസ് സംഘടനകള്‍ നീതിന്യായ വ്യവസ്ഥയെപ്പോലും സമീപിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നത് നിഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കുന്നതായും സഭാസുതാര്യസമിതി കുറ്റപ്പെടുത്തി.

ഇത്തരം സംഘടനകള്‍ ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരുടെയും നേതാക്കള്‍ ചമയുന്നത് അംഗീകരിക്കാനാവില്ല. അതിനാല്‍ ഇത്തരം സംഘടനകളെയും നിലപാടുകളെയും കെസിബിസി തള്ളിപ്പറയണമെന്നും സഭാസുതാര്യ സമിതി വ്യക്തമാക്കി.കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷത്തില്‍ വിള്ളലുണ്ടാക്കുന്ന നടപടികളൊന്നും കത്തോലിക്ക സഭകളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും സഭാസുതാര്യ സമിതി കെസിബിസി യോട് അഭ്യര്‍ത്ഥിച്ചു.

Tags: