അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വൈകീട്ട് 6 മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് റിപോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വൈകീട്ട് 6 മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കും. കേരളം ഒന്നടങ്കം കൊവിഡ് 19നെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ അവസരത്തില്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, വൈറസ് റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിരവധി ആളുകളാണ് സംസ്ഥാനത്ത് ചികില്‍സയിലുള്ളത്. കൂടാതെ രോഗികളെ ചികില്‍സിച്ച ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് മന്ത്രി ഇത്തരം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതപാലിക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുമുള്ള നടപടികള്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.