ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Update: 2026-01-20 16:28 GMT

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്‌കരണത്തിലേക്കും ഒന്‍പതുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കും. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.

വര്‍ഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്. 2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

എന്‍ട്രി കേഡറിലെ ഡോക്ടര്‍മാരുടെ ശമ്പളക്കുറവ് പരിഹരിക്കുന്നതിനായി അനുവദിച്ച അലവന്‍സിന് മുന്‍കാല പ്രാബല്യമില്ലാത്തതും അടുത്ത ശമ്പള പരിഷ്‌കരണത്തിലേക്ക് ഇതിന് തുടര്‍ച്ചയില്ലാത്തതും ഡോക്ടര്‍മാരെ നിരാശരാക്കിയിട്ടുണ്ട്. കോവിഡ്, നിപ്പ കാലഘട്ടങ്ങളില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി സേവനം അനുഷ്ഠിച്ച തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കുടിശ്ശിക പോലും നല്‍കാതെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2021-ല്‍ നാല് ഗഡുക്കളായി കുടിശ്ശിക നല്‍കുമെന്ന് ഉത്തരവിറക്കിയെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അത് നീട്ടിവെക്കുകയായിരുന്നു. 2025-ല്‍ മറ്റ് ജീവനക്കാര്‍ക്ക് ആദ്യ രണ്ട് ഗഡുക്കള്‍ പി എഫ് അക്കൗണ്ടിലേക്ക് നല്‍കിയപ്പോഴും ഡോക്ടര്‍മാരെ തഴഞ്ഞത് നീതികേടാണെന്ന് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.