ദക്ഷിണ കേരള സിലബസ് മദ്‌റസകളില്‍ വാര്‍ഷിക പരീക്ഷയില്ല; വിജയം തീരുമാനിക്കുക അര്‍ധവാര്‍ഷിക പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍

സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മദ്‌റസയും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.

Update: 2020-05-26 18:22 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സിലബസില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനം. പകരം 2019 നവംബറില്‍ നടത്തിയ അര്‍ധവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്ലാസുകളിലും പ്രമോഷന്‍ നല്‍കാനും അഞ്ച്, ഏഴ്, 10, 12 ക്ലാസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും വിദ്യാഭ്യാസ ബോര്‍ഡ് ഔദ്യോഗിക ഭാരവാഹികളുടെയും പരീക്ഷാ ബോര്‍ഡിന്റെയും യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മദ്‌റസയും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഏപ്രില്‍ 11, 12 തിയ്യതികളിലാണ് വാര്‍ഷിക പരീക്ഷ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. കിളികൊല്ലൂര്‍ ഉമര്‍ ഫാറൂഖില്‍ കൂടിയ യോഗത്തില്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ കെ കെ സുലൈമാന്‍ മൗലവി അധ്യക്ഷത വഹിച്ചു.


 വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. പരീക്ഷാബോര്‍ഡ് കണ്‍വീനര്‍ പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി റിപോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചയുടെ ഉദ്ഘാടനം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി നിര്‍വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ കെ ഉമര്‍ മൗലവി, വൈസ് ചെയര്‍മാന്‍ കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, സെക്രട്ടറിമാരായ പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, എന്‍ കെ അബ്ദുല്‍ മജീദ് മൗലവി, പരീക്ഷാ ബോര്‍ഡ് അംഗം വൈ നവാബുദ്ദീന്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags:    

Similar News