അടൂർ പ്രകാശ് എംപിക്കെതിരേ ഡികെ മുരളി എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു
നോട്ടീസ് ലഭിച്ചു 15 ദിവസത്തിനകം നഷ്‌ടപരിഹാരം നൽകുകയും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്യണം
തിരുവനന്തപുരം: അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തിയ അടൂർ പ്രകാശ് എംപിക്ക് ഡികെ മുരളി എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. തന്നെയും മകനെയും സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താനുദ്ദേശിച്ച് നടത്തിയ പ്രസ്താവന മൂലം മാനഹാനിയുണ്ടായതായും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. കെഎസ് സുനിൽ മുഖാന്തിരം നോട്ടീസ് അയച്ചത്.
തന്നെയും കുടുംബത്തെയും സമൂഹമാധ്യമത്തിൽ സൽപ്പേരിന് കളങ്കം സംഭവിക്കണമെന്നും അപകീർത്തി സംഭവിക്കണം എന്നുള്ള ഉദ്ദേശത്തോടെ വിവിധ ചാനലുകളിൽ നടത്തിയ ചർച്ചകളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും നോട്ടീസിൽ പറഞ്ഞു. നോട്ടീസ് ലഭിച്ചു 15 ദിവസത്തിനകം നഷ്‌ടപരിഹാരം നൽകുകയും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്യണം. അല്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലൂടെ അറിയിച്ചു.