മുൻഗണനാ വിഭാഗം കാർഡുകൾക്കുള്ള കിറ്റ് വിതരണം 27ലേക്ക് മാറ്റി
റേഷൻ കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് 27ലേക്ക് മാറ്റിയത്.
തിരുവനന്തപുരം: മുൻഗണനാ വിഭാഗം കാർഡുകൾക്കുള്ള പലവ്യഞ്ജനക്കിറ്റ് വിതരണം ഏപ്രിൽ 27ലേക്ക് മാറ്റി. മെയ് ഏഴുവരെയാണ് കിറ്റുകൾ വിതരണം ചെയ്യുക. പലവ്യഞ്ജനക്കിറ്റുകൾ ഏപ്രിൽ 22 മുതൽ വിതരണം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. റേഷൻ കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് 27ലേക്ക് മാറ്റിയത്.
അന്ത്യോദയ കുടുംബങ്ങളിൽ പെട്ട 5,75,003 മഞ്ഞ കാർഡുള്ളവർക്ക് ഇതുവരെ പലവ്യഞ്ജനക്കിറ്റ് നൽകിയിട്ടുണ്ട്. പിങ്ക് കാർഡുടമകളായി 31 ലക്ഷത്തോളം പേരാണുള്ളത്. ഇവർക്ക് വിതരണം ചെയ്ത ശേഷം ബാക്കി കുടുംബങ്ങൾക്കും പലവ്യഞ്ജനക്കിറ്റ് നൽകും.
പ്രധാൻ മന്ത്രി ഗ്രാമീൺ കൗശൽ യോജന പദ്ധതി പ്രകാരം(പിഎംജികെവൈ) സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ) കുടുംബങ്ങൾക്കുള്ള സൗജന്യറേഷൻ വിതരണം തിങ്കളാഴ്ച തുടങ്ങി. ആദ്യദിനത്തിൽ 2.25 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങിയത്. പിഎംജികെവൈ പദ്ധതി വഴിയുള്ള അരിവിതരണം ഏപ്രിൽ 26ന് പൂർത്തിയാക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരിയാണ് നൽകുന്നത്.
അരി വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 22 മുതൽ 26 വരെയുള്ള തീയതികളിൽ യഥാക്രമം ഒന്ന്, രണ്ട് - മൂന്ന്, നാല് - അഞ്ച്, ആറ്, ഏഴ്, എട്ട് - ഒൻപത്, പൂജ്യം അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾ റേഷൻ വാങ്ങാനെത്തണം. പിങ്ക് കാർഡുടമകൾക്കുള്ള പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്യുന്ന തീയതി, റേഷൻ കാർഡിന്റെ അവസാന അക്കം എന്ന ക്രമത്തിൽ: ഏപ്രിൽ 27- പൂജ്യം, ഏപ്രിൽ 28- ഒന്ന്, ഏപ്രിൽ 29- രണ്ട്, ഏപ്രിൽ 30- മൂന്ന്, മെയ് രണ്ട് - നാല്, മെയ് മൂന്ന് - അഞ്ച്, മെയ് നാല് - ആറ്, മെയ് അഞ്ച് - ഏഴ്, മെയ് ആറ് - എട്ട്, മെയ് ഏഴ് - ഒൻപത് എന്നിങ്ങനെയാണ്.
