എട്ടെടുത്താലും സംസ്ഥാനത്ത് ലൈസന്‍സില്ല...

അതത് ആര്‍ടിഒ ഓഫീസുകളില്‍ തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്ന സംവിധാനം മാറിയതോടെയാണ് ലൈസന്‍സ് വിതരണത്തിന് തടസ്സം നേരിട്ടത്.

Update: 2019-05-07 06:49 GMT

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസായാലും ലൈസന്‍സ് കിട്ടാന്‍ അനിശ്ചിതമായി കാത്തിരിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സാങ്കേതികക്കുരുക്കില്‍പെട്ടത് കാരണം കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ലൈസന്‍സിനായി കാത്തിരിക്കുന്നവരുടെ എണ്ണം ഓരോ ജില്ലയിലും ആയിരങ്ങള്‍ വരും.

അതത് ആര്‍ടിഒ ഓഫീസുകളില്‍ തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്ന സംവിധാനം മാറിയതോടെയാണ് ലൈസന്‍സ് വിതരണത്തിന് തടസ്സം നേരിട്ടത്. പകരം ക്യുആര്‍ കോഡ് ഉള്‍പെടെയുള്ള സംവിധാനങ്ങളുള്ള ലൈസന്‍സുകള്‍ തിരുവനന്തപുരത്ത് നിന്ന് പ്രിന്റ് ചെയ്ത് തപാല്‍ മാര്‍ഗ്ഗം അതത് ആര്‍ടിഒ ഓഫിസുകളില്‍ എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി കരാര്‍ വിളിച്ച് ഒരു ഏജന്‍സിയെ പ്രിന്റിങ് ഏല്‍പ്പിക്കാനും ധാരണയായിരുന്നു. നടപടികള്‍ പുരോഗമിക്കുന്നതിനിടെ നേരത്തെ ലൈസന്‍സ് പ്രിന്റിങ്ങിനായി കരാറില്‍ പങ്കെടുത്ത് കിട്ടാതെ പോയ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ കോടതിയല്‍ എത്തി. ഇത്തവണ തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി ഇടപെട്ട് തിരുവനന്തപുരത്തെ നടപടികള്‍ സ്റ്റേ ചെയ്തു. ഇതോടെയാണ് സംസ്ഥാനത്താകെ ലൈസന്‍സ് വിതരണം സ്തംഭിച്ചത്.

പ്രായോഗിക പരീക്ഷ പാസ്സായി എന്നതിന് ഒരു പകരം രസീതാണിപ്പോള്‍ പല ആര്‍ടിഒ ഓഫീസുകളില്‍ നിന്നും നല്‍കുന്നത്. ഇത് കൈവശമുള്ളവര്‍ക്ക് അസ്സല്‍ ലൈസന്‍സ് കിട്ടുന്നത് വരെ വാഹനങ്ങള്‍ ഓടിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: