എന്‍സിപിയെ തര്‍ക്കം; ശരദ് പവാറിന്റെ ശനിയാഴ്ചത്തെ കേരള സന്ദര്‍ശനം മാറ്റി

Update: 2021-01-21 04:04 GMT

തിരുവനന്തപുരം: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ ശനിയാഴ്ച മുതലുള്ള കേരള സന്ദര്‍ശനം മാറ്റിവച്ചു. പൂനെയില്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് തീരുമാനം മാറ്റിയത്. അതേസമയം, ശരത് പവാറിന്റെ കേരള സന്ദര്‍ശനത്തിന്റെ പുതിയ തിയ്യതിയും അറിയിച്ചിട്ടില്ല. എന്‍സിപിയിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന നേതൃയോഗത്തില്‍ പവാര്‍ നേരിട്ടുപങ്കെടുക്കാന്‍ തീരുമാനിച്ചത്.

പാലാ സീറ്റിനെച്ചൊല്ലിയാണ് എന്‍സിപിയില്‍ തര്‍ക്കം ഉടലെടുത്തത്. എല്‍ഡിഎഫില്‍ പോയ ജോസ് കെ മാണിക്ക് വേണ്ടി പാലാ സീറ്റ് വിട്ടുകൊടുക്കാനുള്ള നീക്കമാണ് എന്‍സിപിയെ ചൊടിപ്പിച്ചത്. ഒരുകാരണവശാലും പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പനും പീതാംബരന്‍ മാസ്റ്ററും നിലപാട് സ്വീകരിക്കുകയും എ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ പിടിവാശി വേണ്ടെന്ന് അറിയിക്കുകയും ചെയ്തു.

പാലായില്‍ കടുംപിടിത്തമുണ്ടായാല്‍ മുന്നണി വിടാനാണ് മാണി സി കാപ്പന്‍ ഉള്‍പ്പെടെയുള്ള എന്‍സിപിയിലെ ഒരുവിഭാഗത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരുമായും രണ്ടുതവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശരത് പവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനെത്തുന്നത്.

Tags: