അനധികൃത സ്വത്ത് സമ്പാദന കേസ്; പി വി അന്‍വറിന് ഇ ഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

Update: 2025-12-29 07:40 GMT

കൊച്ചി: മുന്‍ എംഎല്‍എ പി വി അന്‍വറിന് നോട്ടീസ് അയച്ച് ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ). അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആണ് നടപടി. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

2016 മുതല്‍ 2021 വരെ കാലയളവില്‍ സ്വത്തില്‍ 50 കോടി വര്‍ധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തല്‍. വിജിലന്‍സ് എടുത്ത കേസിന്റെ തുടര്‍ച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം.

ഒരേ വസ്തു വെച്ച് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വ്യത്യസ്ത വായ്പകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. നേരത്തെ അന്‍വറിന്റെ സ്ഥാപനങ്ങളില്‍ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. പി വി അന്‍വറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടെത്തല്‍.