വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച: വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്; ഒഴിഞ്ഞുമാറി മുല്ലപ്പള്ളി

Update: 2021-01-11 07:15 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്റെ വെളിപ്പെടുത്തല്‍ കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഹമീദ് വാണിയമ്പലുവമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടന്നോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് മുല്ലപ്പള്ളി ഒഴിഞ്ഞു മാറി.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തന്റെ അറിവോടെയല്ല. താനറിഞ്ഞാണ് നീക്കുപോക്ക് ഉണ്ടാക്കിയതെന്ന് പറയുന്നത് ശരിയല്ല. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം അടഞ്ഞ അധ്യായമാണ്. മതനിരപേക്ഷ നിലപാടില്‍ താന്‍ വെള്ളം ചേര്‍ത്തിട്ടില്ല. ഇക്കാര്യം എല്ലാ മതവിഭാഗങ്ങള്‍ക്കും അറിയാം. ഇക്കാര്യത്തില്‍ എഐസിസി നിലപാടാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വെല്‍ഫെയല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഇക്കാര്യം പിന്നീട് പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കെ സി വേണുഗോപാലും ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. അതിലപ്പുറം ഇക്കാര്യത്തില്‍ ഒന്നും പറയേണ്ടതില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി മറച്ചുവയ്ക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വെല്‍ഫയര്‍ പാര്‍ട്ടിയെ കരുവാക്കുകയാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രതികരിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ കെപിസിസി പ്രസിഡന്റ് നിഷേധിക്കുന്നത് അവസരവാദ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Tags: