നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ രേഖയോ? സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി

Update: 2019-05-02 12:59 GMT

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി.കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം.

ഈ കാര്യത്തില്‍ സര്‍ക്കാര്‍ നാളെ തീരുമാനം അറിയിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് കേസിലെ രേഖ ആണെങ്കില്‍ ദിലീപിന് അത് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് തൊണ്ടി മുതലല്ല, രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.

കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹരജിയില്‍ പറയുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോഹ്ത്തഗി ആണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചായിരുന്നു ഹരജി തള്ളിയത്.

Similar News