ഡൽഹിയിലെ സർക്കാർ പ്രതിനിധി എ സമ്പത്തിനെ വിളിച്ചുണർത്തി യൂത്ത് കോൺഗ്രസ് സമരം

സർക്കാർ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിച്ച എ സമ്പത്ത് അന്യസംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കാതെ തിരുവനന്തപുരത്തെ വീട്ടിൽ കഴിയുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് സമരം നടത്തിയത്.

Update: 2020-05-11 06:30 GMT

തിരുവനന്തപുരം: ഡൽഹിയിലെ സർക്കാർ പ്രതിനിധി എ സമ്പത്തിനെ വിളിച്ചുണർത്തി യൂത്ത് കോൺ​ഗ്രസിന്റെ വ്യത്യസ്ത സമരം. കോടികൾ മുടക്കി സർക്കാർ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിച്ച എ സമ്പത്ത് അന്യസംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കാതെ തിരുവനന്തപുരത്തെ വീട്ടിൽ കഴിയുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് സമരം നടത്തിയത്.

കൊവിഡ് ബാധയെ തുടർന്ന് ലക്ഷക്കണക്കിന് മലയാളികളാണ് അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും അവരെ തിരികെ കൊണ്ട് വരാൻ സംസ്ഥാന സർക്കാരിനോ, സർക്കാർ പ്രതിനിധിയായി ഡ‍ൽഹിയിൽ നിയമിച്ച സമ്പത്തിനോ കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിൽ ജോലി നഷ്ടപ്പെട്ട നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. അവരെ പോലും നാട്ടിലെത്തിക്കാൻ ശ്രമിക്കാതെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി സമ്പത്ത് തിരുവനന്തപുരത്തെ വീട്ടിലാണ് ഒരുമാസമായി. ലക്ഷങ്ങൾ ശമ്പളവും അലവൻസും നൽകി നിയമിച്ച സമ്പത്തിന്റെ നിഷേധാത്കമായ നിലപാടിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തലസ്ഥാനത്തെ സമ്പത്തിന്റെ വീട്ടിന് സമീപം വിളിച്ചുണർത്തൽ എന്ന വ്യത്യസ്ത സമരം നടത്തിയത്.

സമരം നടക്കുന്ന വേളയിൽ സമ്പത്ത് സ്ഥലത്ത് ഇല്ലായിരുന്നു. ലോക്ക് ഡൗൺ ആയിരുന്നിട്ടും സർക്കാരിന്റെ ഔദ്യോ​ഗിക പ്രതിനിധി അന്യ ജില്ലയിലായിരുന്നു. ഇത്രയും അലംഭാവം കാട്ടിയ സമ്പത്തിനെ സർക്കാർ പിൻവലിക്കുകയോ, അല്ലെങ്കിൽ സമ്പത്ത് അടിയന്തരമായ ഡൽഹിയിലെത്തി മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Tags:    

Similar News