എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 പോലിസുകാര്‍ക്ക് ഏഴു ദിവസത്തെ ശിക്ഷാപരേഡ്

എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്നലെ രാവിലെ പത്തോടെ രാജ്ഭവനു മുന്നിലൂടെ കടന്നുപോയതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അവിടെ സമരക്കാരെ തടയാന്‍ നിയോഗിച്ചിരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലിസുകാര്‍ അതു കണ്ടില്ല.

Update: 2019-12-04 07:51 GMT

തിരുവനന്തപുരം: രാജ്ഭവനു മുന്നിലൂടെ കാറില്‍ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ 20 പോലിസുകാര്‍ക്കു മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്നലെ രാവിലെ പത്തോടെ രാജ്ഭവനു മുന്നിലൂടെ കടന്നുപോയതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അവിടെ സമരക്കാരെ തടയാന്‍ നിയോഗിച്ചിരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലിസുകാര്‍ അതു കണ്ടില്ല.

തുടര്‍ന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പോലിസുകാരെയും ഹാജരാക്കാന്‍ ബറ്റാലിയന്‍ ഡിഐജി പി പ്രകാശ് നിര്‍ദേശം നല്‍കി. സമരഡ്യൂട്ടി കഴിഞ്ഞ പോലിസുകാരെ പേരൂര്‍ക്കട എസ്എപി ക്യാംപിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. തുടര്‍ന്നു കമാന്‍ഡന്റ് ഇവരെ ഡിഐജിക്കു മുന്നില്‍ ഹാജരാക്കി. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന പേരില്‍ ഡിഐജി പോലിസുകാരെ ശാസിച്ചു. പിന്നാലെ മുഴുവന്‍ പേരെയും പാണ്ടിക്കാടുള്ള ആര്‍ആര്‍എഎഫ് ബറ്റാലിയനില്‍ 7 ദിവസത്തെ ശിക്ഷാ പരേഡിനു വിട്ടു. 17 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് എല്ലാവരും. ആളില്ലെന്ന പേരില്‍ ഇവര്‍ക്കു 3 ദിവസത്തെ വിശ്രമം പോലും കിട്ടിയിരുന്നില്ല. അതിനിടയിലാണ് ഇത്തരമൊരു നടപടി.

Tags:    

Similar News