വിവാദങ്ങൾക്കിടെ വിദേശയാത്രയ്ക്ക് തയ്യാറെടുത്ത് ഡിജിപി
അതേസമയം, പോലിസിനെതിരേ പുതിയ അഴിമതി ആരോപണങ്ങളും ഉയരുകയാണ്. കെൽട്രോണിനെ മുൻനിർത്തിയുള്ള പോലിസിന്റെ സിംസ് പദ്ധതിയിലും തിരിമറി നടന്നുവെന്നാണ് ആക്ഷേപം.
തിരുവനന്തപുരം: റൈഫിളുകളും വെടിയുണ്ടകളും കാണാതായ വിവാദങ്ങൾക്കിടെ പോലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിദേശയാത്രാ അനുമതി. ബ്രിട്ടനിലേക്കാണ് ഡിജിപി ലോക്നാഥ് ബെഹ്റ പോകുന്നത്. സുരക്ഷാ സെമിനാറിൽ പങ്കെടുക്കാനാണ് യാത്ര. സർക്കാരാണ് പോലീസ് മേധാവിയുടെ യാത്രാച്ചെലവ് വഹിക്കുന്നത്. മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ബെഹ്റ ബ്രിട്ടനിലേക്ക് പറക്കുന്നത്.
അതേസമയം, പോലിസിനെതിരേ പുതിയ അഴിമതി ആരോപണങ്ങളും ഉയരുകയാണ്. കെൽട്രോണിനെ മുൻനിർത്തിയുള്ള പോലിസിന്റെ സിംസ് പദ്ധതിയിലും തിരിമറി നടന്നുവെന്നാണ് ആക്ഷേപം. സ്വകാര്യ സ്ഥാപനങ്ങളില്‍ സിസിടിവികളും സെര്‍വറുകളും സ്ഥാപിച്ച് പോലിസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. പോലിസ് ആസ്ഥാനത്താണ് ഇതിന്റെ കണ്ട്രോൾ റൂം.
സിംസ് പദ്ധതിയുടെ നടത്തിപ്പ് കെൽട്രോണിനായിരിക്കുമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്സോണ്‍ ഇന്റർനാഷണല്‍ എന്ന സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ കാമറയുൾപ്പെടെ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്നൊരു പങ്ക് പോലിസിന് നല്‍കും. സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങൾ കണ്ടെത്താൻ എസ്പിമാർക്ക് ഡിജിപി നിർദേശം നൽകുകയും ചെയ്തു. ഇതിനെതിരെ പോലിസിലും അഭിപ്രായ ഭിന്നത ഉയർന്നിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് പണം ഈടാക്കുന്നതിന് പോലിസിനെ മുൻനിർത്തിയുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം.
വിവാദങ്ങൾ അനവധിയായതോടെ പോലിസ് മേധാവി സ്ഥാനത്തുനിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവശ്യപ്പെട്ടു. സിഎജി കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
