മൂന്നാംമുറ: ഉദ്യോഗസ്ഥര്‍ക്ക് പിടിവീഴും; പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം
അടുത്തിടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ പട്ടിക നല്‍കണം. മൂന്നാംമുറ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനത്തിന്റെ പേരില്‍ പോലിസ് സേനക്കെതിരേ നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് ആഭ്യന്തരവകുപ്പ്. സ്റ്റേഷനകത്തോ പുറത്തോ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മൂന്നാംമുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും വകുപ്പുതലത്തിലും ശക്തമായി നടപടിയുണ്ടാവും. പോലിസിലെ മൂന്നാം മുറക്കാരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അടുത്തിടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ പട്ടിക നല്‍കണം. മൂന്നാംമുറ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡിമരണത്തില്‍ ഉള്‍പ്പടെ പോലിസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് സേനയിലെ മൂന്നാംമുറക്കാരെ കണ്ടെത്താനുള്ള ശ്രമം.
മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പോലിസുകാരുടെ പട്ടിക തയ്യാറാക്കണം, ഇത്തരക്കാര്‍ ഇപ്പോള്‍ ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നുമാണ് ഡിജിപിയുടെ നിര്‍ദേശം. മൂന്നാംമുറയിലും കസ്റ്റഡി മരണത്തിലും കേരളാപോലിസിന്റെ പ്രതിച്ഛായ തകര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.