ശബരിമലയില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കം കര്‍ശന നിയന്ത്രണങ്ങള്‍

മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. മലകയറാന്‍ മാസ്‌ക് നിര്‍ബന്ധമല്ല.

Update: 2020-10-17 02:31 GMT

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ഇന്ന് മുതല്‍ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങും. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവില്‍ കയറ്റിവിടൂ. കൂടാതെ മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. മലകയറാന്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍, ദര്‍ശനത്തിന് പോവുമ്പോഴും താഴെ പമ്പയിലും മറ്റ് പ്രദേശങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും വയ്ക്കണം.

ഭക്തര്‍ സാമൂഹിക അകലം പാലിക്കണം. കൂട്ടംകൂടി ഭക്തര്‍ മലകയറരുത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക നിലയ്ക്കലില്‍ വച്ചാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തും. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയുള്ള വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചുസാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം.

നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌കുകള്‍ കരുതണം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പകരം പമ്പയില്‍ 20 ഷവറുകള്‍ സ്ഥാപിച്ചു. ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനും പ്രസാദം സ്വീകരിക്കാനും കഴിയില്ല. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് രാവിലെ എട്ടുമണിക്ക് നടക്കും. ശബരിമല മേല്‍ശാന്തിമാര്‍ക്കുള്ള അന്തിമപട്ടികയില്‍ ഒമ്പതുപേരും മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കുള്ള പട്ടികയില്‍ പത്തുപേരുമാണ് ഇടംപിടിച്ചിരിക്കുന്നത്.

Tags: