ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല: ദേവസ്വം കമ്മീഷണര്‍

സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിനെതിരേ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതിയില്‍ സംഭവിച്ചത് എന്താണെന്ന് പ്രസിഡന്റിനെ അറിയിക്കുമെന്നും വാസു പറഞ്ഞു

Update: 2019-02-07 10:43 GMT

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. പ്രസിഡന്റ് അറിയാത്ത ഒരുകാര്യവും കോടതിയില്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ നവംബര്‍ മാസത്തില്‍ എടുത്ത നിലപാട് തന്നെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ കൈക്കൊണ്ടത്. 56 പുനപരിശോധന ഹരജികളാണ് കോടതി പരിഗണിച്ചത്. സാവകാശ ഹരജി സുപ്രിംകോടതിയില്‍ വന്നിട്ടില്ല. വിധി നടപ്പാക്കാന്‍ ഇനിയും സാവകാശം വേണമോയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കണം.

സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിനെതിരേ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതിയില്‍ സംഭവിച്ചത് എന്താണെന്ന് പ്രസിഡന്റിനെ അറിയിക്കുമെന്നും വാസു പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നു ശുദ്ധികലശം നടത്തിയ സംഭവത്തില്‍ തന്ത്രിയുടെ വിശദീകരണ കുറിപ്പ് ഇന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറും. വിശദീകരണ കുറിപ്പ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും വാസു മാധ്യമങ്ങളോട് പറഞ്ഞു.


Tags:    

Similar News