തരംതാഴ്ത്തല്‍: സര്‍ക്കാര്‍ നടപടിക്കെതിരേ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയിലേക്ക്

ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ നന്നാക്കാനാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇത്തരത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്പിമാര്‍ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

Update: 2019-02-02 12:43 GMT

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ നന്നാക്കാനാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇത്തരത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്പിമാര്‍ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

ഡിവൈഎസ്പിമാരായി ജോലി ചെയ്തുവന്നിരുന്ന 11 പേരെ സിഐ തസ്തികയിലേക്കാണ് സര്‍ക്കാര്‍ മാറ്റിയത്. അതിനിടെ, തരംതാഴ്ത്തല്‍ നടത്തിയും പുതിയ ഡിവൈഎസ്പിമാരെ നിയമിച്ചുംകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പിശകുകള്‍ കടന്നുകൂടി. തരംതാഴ്ത്തിയ ഉദ്യോഗസ്ഥന്‍ മാറ്റപ്പട്ടികയിലും ഉള്‍പ്പെട്ടു. തരംതാഴ്ത്തിയ ടി അനില്‍കുമാറിനെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയായി നിയമിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. എന്നാല്‍, ഇക്കാര്യം പരിശോധിക്കുമെന്നും പുതുക്കിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. 2014 മുതല്‍ താല്‍ക്കാലിക പ്രൊമോഷന്‍ നല്‍കിയിരുന്ന ഡിവൈഎസ്പിമാരുടെ പട്ടികയാണ് സര്‍ക്കാര്‍ പുനപ്പരിശോധിച്ചത്.

അച്ചടക്ക നടപടി നേരിടുന്ന 12 ഡിവൈഎസ്പിമാരെ തരംതാഴ്ത്താനായിരുന്നു ആഭ്യന്തര സെക്രട്ടറി നല്‍കിയ ശുപാര്‍ശയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിലൊരാള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സര്‍ക്കാര്‍ നടപടി ചൊവ്വാഴ്ച വരെ നിര്‍ത്തിവയ്പ്പിച്ചു. ഇതോടെയാണ് ശേഷിക്കുന്നവരെ ഉള്‍പ്പെടുത്തി പുതിയ പട്ടിക ആഭ്യന്തരവകുപ്പ് തയ്യാറാക്കിയത്.

Tags:    

Similar News