ഒഴിവുകള്‍ ഉടന്‍ പി എസ് സിയെ അറിയിക്കണമെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം

ജോലി ആവശ്യമില്ലാത്തവര്‍ക്ക് റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാകാനുള്ള നടപടിക്രമം ലഘൂകരിക്കാനും പി എസ് സിയോട് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു.

Update: 2020-10-08 09:30 GMT

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഉടന്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കാന്‍ നിയമസഭ സമിതിയുടെ ശുപാര്‍ശ. ജോലി ആവശ്യമില്ലാത്തവര്‍ക്ക് റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാകാനുള്ള നടപടിക്രമം ലഘൂകരിക്കാനും പി എസ് സിയോട് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. യുവജന കാര്യവും യുവജന ക്ഷേമവും സംബന്ധിച്ച സമിതിയുടെ തെളിവെടുപ്പില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. വിവിധ റാങ്ക് പട്ടികയില്‍ ഉള്ള 36 പേര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമിതിയെ പരാതികള്‍ അറിയിച്ചു. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി വിശദീകരണം ആവശ്യപ്പെടാനാണ് തീരുമാനം. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ റാങ്ക് പട്ടികകളുടെയും കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും സമിതിയോട് അഭ്യര്‍ത്ഥിച്ചു. ഈ മാസം 15, 22 തീയതികളില്‍ വീണ്ടും തെളിവെടുപ്പ് തുടരും.

Tags: