ബാരാബങ്കി പള്ളി തകര്‍ക്കല്‍: ബാബരി മസ്ജിദ് കൊണ്ട് തീരുന്നതല്ല കര്‍സേവ- സയ്യിദ് ഹാഷിം അല്‍ഹദ്ദാദ്

Update: 2021-05-21 17:54 GMT

മലപ്പുറം: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ഗരീബ് നവാസ് എന്ന മുസ്‌ലിം പള്ളി തകര്‍ത്ത സംഭവം ഹിന്ദുത്വ ഫാഷിസ്റ്റ് കര്‍സേവ ബാബരി മസ്ജിദില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നതിന്റെ ഒന്നാന്തരം തെളിവാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാഷിം അല്‍ഹദ്ദാദ് അഭിപ്രായപ്പെട്ടു. സംഭവത്തെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ശക്തമായി അപലപിക്കുന്നു. മുഖ്യമന്ത്രി യോഗിയുടെ പൂര്‍ണ ആശിര്‍വാദം അതിന് പിന്നിലുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇതിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് പള്ളി കമ്മിറ്റിയും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും.

വിഷയത്തില്‍ മുസ്‌ലിം ലീഗ് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. ദശാബ്ദങ്ങള്‍ നീണ്ട കേസുകളിക്കൊടുവില്‍ ഇന്ത്യാ രാജ്യത്തെയും മുസ്‌ലിം സമുദായത്തെയും വഞ്ചിച്ച നടപടിയായിരുന്നു ബാബരി മസ്ജിദ് വിഷയത്തിലുണ്ടായത്. 'ഹിന്ദുത്വര്‍ പള്ളികള്‍ തകര്‍ത്തുകൊണ്ടേയിരിക്കുക, മുസ്‌ലിംകള്‍ കേസുകൊടുത്തുകൊണ്ടേയിരിക്കുക' എന്ന അനുഷ്ടാനം അവസാനിപ്പിക്കാന്‍ എല്ലാ മുസ്‌ലിം സംഘടനകളും യോജിച്ചുനിന്നാല്‍ മാത്രമേ സാധ്യമാവുകയുള്ളൂ. സമുദായത്തിലെ ഭിന്നതയാണ് പ്രധാന പ്രശ്‌നം.

സമുദായത്തിന്റെ പൊതുവിഷയങ്ങളില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സംഘടനകള്‍ ഒന്നിക്കണം. മുസ്‌ലിം ലീഗ്, എസ്ഡിപിഐ തുടങ്ങി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസംഘടനകളുടെ ഒന്നിച്ചുള്ള ജനാധിപത്യസമരങ്ങള്‍ക്ക് മാത്രമേ ഇത്തരം ഫാഷിസ്റ്റ് അജണ്ടകളെ തകര്‍ക്കാനാവൂ. സ്വാര്‍ഥതാല്പര്യങ്ങള്‍ക്കുവേണ്ടി സമുദായത്തെ ഒറ്റുകൊടുക്കാന്‍ തയ്യാറുള്ളവര്‍ സമുദായ നേതൃത്വത്തിലുണ്ട്.

ബാബരി മസ്ജിദ് കോടതി ഇടപെട്ട് തകര്‍ത്തവര്‍ക്ക് തന്നെ പതിച്ചുനല്‍കുന്നതിന് മുമ്പുതന്നെ അതേ അഭിപ്രായപ്രകടനം നടത്തിയ ചിലര്‍ മുസ്‌ലിം നേതാക്കളിലുണ്ടായിരുന്നു. ബാരാബങ്കി പള്ളി തകര്‍ത്തതിനെക്കുറിച്ച് അവര്‍ക്ക് എന്ത് പറയാനുണ്ടെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഒറ്റുകാരെയും വേട്ടയാടിയതാണ് ഫാഷിസത്തിന്റെ ചരിത്രമെന്നത് അവര്‍ മറക്കേണ്ടെന്നും സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ് പറഞ്ഞു.

Tags: