ജിഷ്ണു പ്രണോയിയുടെ മരണം: സിബിഐ കുറ്റപത്രം അനീതിയെന്ന് ഡിഎസ്എ

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരനെന്ന് കുടുംബവും പൊതുസമൂഹവും ഉറച്ച് വിശ്വസിക്കുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഉള്‍പ്പെടെ നാലുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Update: 2019-10-04 05:41 GMT

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തിന്റെ രണ്ടര വര്‍ഷത്തിന് ശേഷം സിബിഐ സമര്‍പ്പിച്ച കുറ്റപത്രം വിദ്യാര്‍ഥികളോടും പൊതുസമൂഹത്തോടും ജിഷ്ണുവിന്റെ കുടുംബത്തോടും കാട്ടുന്ന അനീതിയാണെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരനെന്ന് കുടുംബവും പൊതുസമൂഹവും ഉറച്ച് വിശ്വസിക്കുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഉള്‍പ്പെടെ നാലുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കോളജ് പ്രിന്‍സിപ്പാലായി രുന്ന എന്‍ ശക്തിവേലും അധ്യാപകനായ സി പി പ്രവീണും മാത്രമാണ് പ്രധാന പ്രതികളെന്ന് കുറ്റപത്രം പറയുന്നു. വമ്പന്‍ സ്രാവുകളെ ഒഴിവാക്കി ചെറുമീനുകളെ മാത്രം കുടുക്കുന്ന പ്രതേക തരം വലയാണ് സിബിഐ കുറ്റപത്രം. ജിഷ്ണു പ്രണോയിയുടെ കൊലപാതകമല്ല ആത്മഹത്യയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സിബിഐയുടെ കണ്ടെത്തലുകള്‍ക്കെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം രംഗത്തുവരികയും അസംതൃപ്തി പ്രകടിപ്പിക്കുകയും കുറ്റപത്രം കയ്യില്‍ കിട്ടിയാല്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും എന്ന് പറയുകയും ചെയ്തിട്ടുണ്ട്. ജിഷ്ണുവിന്റ കുടുംബം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജിഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചെന്ന മാനേജ്‌മെന്റ് ആരോപണം വ്യാജമാണെന്ന് സിബിഐ കണ്ടെത്തിയെങ്കിലും എന്തിനാണ് ഇത്തരം ഒരു വ്യാജ ആരോപണം ഉന്നയിച്ച് ജിഷ്ണുവിനെ ഇടിമുറിയില്‍ കയറ്റി മര്‍ദ്ദിച്ചതെന്നും അതിന്റെ ഉദ്ദേശത്തെ പറ്റിയും അതിനുപിന്നില്‍ മാനേജ്‌മെന്റ് നടത്തിയിട്ടുള്ള ഗൂഢാലോചനയെപ്പറ്റിയും സിബിഐ അന്വേഷണം നീളുന്നില്ലെന്നുമുള്ള വിമര്‍ശനം ആണത്. കൃഷ്ണദാസ് അറിയാതെ കോളജിനകത്ത് ഒരു ഇലപോലും അനങ്ങില്ല എന്ന് ജിഷ്ണുവിന്റെ കുടുംബം പറയുന്നു.

കൃഷ്ണദാസിനെ സിബിഐ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും പിണറായിയുടെ പോലിസിനെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനുഭാവികളായ ജിഷ്ണുവിന്റെ കുടുംബത്തിന് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിതേണ്ടി വന്നതെന്നും ഡിഎസ്എ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ സംഘപരിവാര്‍ നേതൃത്വത്തിനു കീഴില്‍ സിബിഐയും ഇരകളുടെ താല്‍പര്യമല്ല വേട്ടക്കാരുടെ താല്‍പര്യം തന്നെയാണ് സംരക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സിബിഐ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെടുന്ന തരത്തില്‍ മരണത്തിന് പിന്നിലുള്ള എല്ലാതരം ഗൂഢാലോചനകളും അന്വേഷിച്ചു കണ്ടെത്തണമെന്നും കൃഷ്ണദാസിനെ ഉള്‍പ്പെടെയുള്ള വമ്പന്‍ സ്രാവുകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഡിഎസ്എ ആവശ്യപ്പെട്ടു.

Tags:    

Similar News