10 കോടി നഷ്ടപരിഹാരം വേണം: എംഎ ഷഹനാസിനെതിരേ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കഴിഞ്ഞ മൂന്നിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണവെന്നും നോട്ടീസില്‍ പറയുന്നു. എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. 100 പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ബലാല്‍സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷ പ്രതികരണവുമായി എംഎ ഷഹനാസ് രംഗത്തെത്തിയിരുന്നു. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും എംഎ ഷഹനാസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം കള്ളമാണെന്നും അവര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ബുദ്ധിമുട്ടുമില്ല, കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുല്‍ മാങ്കൂട്ടം ഒരു 'കോഴി' ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ട്. പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് തന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ ? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
രാഹുലിനെതിരെ ആദ്യ പരാതി വന്നപ്പോള്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുല്‍ മാങ്കൂട്ടം എന്ന കോഴിയെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തിയിട്ടുള്ള വ്യക്തിയാണ് താനെന്നും തന്റെ ഫോണ്‍ വച്ച് ഏത് പരിശോധനകള്‍ക്കും തയ്യാറാണെന്നും ഷഹനാസ് പറഞ്ഞു. രാഹുലിന് ധൈര്യമുണ്ടോ ഫോണ്‍ കാണിക്കാന്‍നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുല്‍ തനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കില്‍ രാഹുല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിടട്ടെ, എന്റെ സോഷ്യല്‍ മീഡിയ സ്റ്റോറികള്‍ക്ക് രാഹുല്‍ അയച്ച മറുപടികള്‍ ഇന്‍ബോക്‌സില്‍ കാണാം'-ഷഹനാസ് വെല്ലുവിളിച്ചു.
താന്‍ സാരി ഉടുത്തു ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്‌സില്‍ വന്ന് രാഹുല്‍ മോശം മെസേജ് അയച്ചിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. തന്റെ ഫോണ്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് ആണ്. പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണ്. രാഹുല്‍ എന്ന കോഴി സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുല്‍ പറയുന്നത് കള്ളം മാത്രമാണ്. ഷഹനാസ് പറഞ്ഞു. താന്‍ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിര്‍ന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ല. കുടുംബത്തിലെ ഒരാള്‍ തെറ്റ് ചെയ്താലും താന്‍ ഇരയ്‌ക്കൊപ്പമാകും നിലയുറപ്പിക്കുക. തുറന്ന് പറയലുകള്‍ ഒരു അജണ്ടയുടേയും ഭാഗമല്ലെന്നും ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

