കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിരോധ മേഖലയിലെ സിവിലിയന്‍ ജീവനക്കാരും പ്രക്ഷോഭത്തിന്; 72 മണിക്കൂര്‍ പണിമുടക്കും

. ജനുവരി 23,24,25 തിയതികളിലാണ് പണിമുടക്കുന്നത് പ്രതിരോധ മേഖലയിലെ അംഗീകൃത യൂനിയനുകളായ ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍, ഭാരതീയ പരിരക്ഷാ മസ്ദുര്‍ സംഘ്, ഇന്‍ഡ്യന്‍ നാഷണല്‍ ഡിഫന്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 72 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നതെന്ന് യൂനിയന്‍ ഭാരവാഹികളായ കെ ബാലകൃഷ്ണന്‍, കെ രാധാകൃഷ്ണന്‍,വി പി ഡാനിയേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Update: 2019-01-22 10:43 GMT

കൊച്ചി: പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപവും 100 % സ്വാകാര്യവല്‍ക്കരവും ഉപേക്ഷിക്കണെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിരോധ മേഖലയിലെ സിവിലിയന്‍ ജീവനക്കാര്‍ മൂന്നും ദിവസം പണിമുടക്കി പ്രതിഷേധിക്കുന്നു. ജനുവരി 23,24,25 തിയതികളിലാണ് പണിമുടക്കുന്നത് പ്രതിരോധ മേഖലയിലെ അംഗീകൃത യൂനിയനുകളായ ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍, ഭാരതീയ പരിരക്ഷാ മസ്ദുര്‍ സംഘ്, ഇന്‍ഡ്യന്‍ നാഷണല്‍ ഡിഫന്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 72 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നതെന്ന് യൂനിയന്‍ ഭാരവാഹികളായ കെ ബാലകൃഷ്ണന്‍, കെ രാധാകൃഷ്ണന്‍,വി പി ഡാനിയേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓഡിനനന്‍സ് ഫാക്ടറികളിലെ ഉല്‍പന്നങ്ങളുടെ കോര്‍,നോണ്‍കോര്‍ എന്നി വിഭവങ്ങള്‍ നടത്തി നോണ്‍കോര്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം പൂര്‍ണമായും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്.പ്രതിരോധ വ്യവസായ സ്ഥാപനങ്ങളായ ഓര്‍ഡിനന്‍സ് ഫാക്ടറികള്‍,പ്രതിരോധ ഗവേഷണ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഒയുടെ കീഴിലുള്ള സയന്റിഫിക് ലാബുകള്‍, ഡിജിക്യുഎ, എംഇഎസ്, ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകള്‍, ബേസ് വര്‍ക് ഷോപ്പുകള്‍, മിലിറ്ററി ഫാമുകള്‍ എന്നിങ്ങനെ രാജ്യ രക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും ഇവര്‍ പറഞ്ഞു. ഏകദേശം 85,000ത്തോളം രാജ്യരക്ഷാ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടങ്ങളില്‍ റോയല്‍ ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ എന്ന പേരില്‍ ബ്രിട്ടീഷ്‌കാര്‍ ആരംഭിച്ച പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണ വ്യവസായ സ്ഥാപനങ്ങള്‍ അടക്കം കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള 41 ഓളം ഓര്‍ഡിന്‍സ് ഫാക്ടറികളിലും പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളായ ബിഇഎംഎല്‍,ബിഎച്ഇല്‍, ബിഇഎംസി, എച്എല്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലുമാണ് രാജ്യത്തിന്റെ സേനാ വിഭാഗങ്ങള്‍ക്ക് ആവശ്യമായ യുദ്ധോപകരണങ്ങള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തു വന്നിരുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തന്ത്രപ്രധാനമായ ഡിഫന്‍സ് പ്രൊഡക്ഷന്‍ മേഖലയിലും ഇതിനോടനൂബന്ധിച്ചുള്ള റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് മേഖലകളെയും ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്മാരായ അബാനി, അദാനി തുടങ്ങിയവര്‍ക്ക് അടിയറവ് വെക്കുകയായിരുന്നു. 26 ശതമാനമായിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം. 100 ശതമാനമാക്കി.നേവല്‍ ഡോക് യാര്‍ഡുകള്‍,എയര്‍ക്രാഫ്റ്റ് യാര്‍ഡുകള്‍ അടക്കം ആര്‍മി,നേവി,എയര്‍ഫോഴ്‌സ് മേഖലകളില്‍ സിവിലിയന്‍ ജീവനക്കാര്‍ കൈകാര്യം ചെയ്തിരുന്ന ജോലികള്‍ പൂര്‍ണമായും സ്വകാര്യ വല്‍ക്കരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 72 മണിക്കൂര്‍ പണിമുടക്കില്‍ നാലു ലക്ഷം ജീവനക്കാര്‍ അണിനിരക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: