പിന്‍വാതില്‍ നിയമനവിവാദത്തെ പ്രതിരോധിക്കല്‍: യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നു

Update: 2021-02-09 17:33 GMT

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ പ്രതിരോധനീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉടന്‍തന്നെ റിപോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം. അതോടൊപ്പം ഓരോ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലും റിപോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും അടിയന്തരമായി കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നുവന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നടത്തിയതിനെതിരേ സംസ്ഥാനത്ത് വിവിധ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം അലയടിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളും സെക്രട്ടേറിയറ്റിന് മുന്നില്‍ ശക്തമായ സമരത്തിലാണ്. നിയമന വിവാദം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയ പശ്ചാത്തലത്തിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്ഥിരപ്പെടുത്തിയവരുടെ കണക്കുകള്‍ ശേഖരിച്ച് തിരിച്ചടിയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

Tags: