കോഴിക്കോട് : ദീപക്കിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ ഷിംജിത 22 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നാണ് അവര്‍ മറുപടി നല്‍കിയത്. ഷിംജിതക്ക് കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കോഴിക്കോട് വനിതാ ജയിലില്‍ കഴിയുകയായിരുന്നു ഷിംജിത. ബസിനുള്ളില്‍ ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ചു സമൂഹ മാധ്യമത്തില്‍ അവര്‍ വീഡിയോ പങ്കു വച്ചതിന് പിന്നാലെയാണ് ഗോവിന്ദാപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്തത്.
ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ചാണ് വടകര കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റില്‍ വളച്ചുകെട്ടിയില്‍ വീട്ടില്‍ വി കെ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്ന് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ദീപക്കിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഷിംജിത കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മണല്‍ത്താഴം ഉള്ളാട്ടുതൊടിയില്‍ യു. ദീപക്കിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകന്‍ മരിച്ചതു വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ദീപക്കിന്റെ അമ്മ കെ.കന്യക സിറ്റി പോലിസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ പോലിസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. വിഡിയോ ചിത്രീകരിച്ചത് ഈ ഫോണില്‍ നിന്നാണെന്നു സൈബര്‍ പോലിസ് സ്ഥിരീകരിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.
വിഡിയോയില്‍ എഡിറ്റിങ് നടന്നതായി സ്ഥിരീകരിച്ചതോടെയാണ് ഷിംജിതയുടെ അറസ്റ്റ്. യുവതിയില്‍ നിന്നു തുടക്കത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു പോലിസിന്റെ നാടകീയ നീക്കം.വിഡിയോ എഡിറ്റ് ചെയ്തതിനും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനും സഹായം ലഭിച്ചതായി പോലിസ് സംശയിക്കുന്നുണ്ട്.
