ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിത ജയിലില്‍ തുടരും, വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Update: 2026-02-09 07:21 GMT

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയില്‍ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെ പരിഗണിക്കാന്‍ മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുടര്‍ച്ചയായി ജാമ്യാപേക്ഷപരിഗണിക്കുന്നത് മാറ്റി വെക്കുന്നതിനാല്‍ ഷിംജിത ജയിലില്‍ തുടരുകയാണ്.

ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പോലിസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായകമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും പ്രതികരിച്ചിരുന്നു.