ഇന്ത്യയില്‍ 990 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍; 70 ശതമാനവും ഉപയോഗിക്കുന്നത് എടിഎമ്മില്‍ മാത്രമെന്ന് റിസര്‍വ് ബാങ്ക്

ഒക്‌ടോബറില്‍ 1300 എടിഎമ്മുകള്‍ പൂട്ടി. കൂടുതല്‍ എടിഎം പൂട്ടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രിയുടെമുന്നറിയിപ്പ്. എടിഎം നടത്തിപ്പ് ചെലവ് കൂടിയതാണ് കാരണമെന്ന് വിശദീകരണം.

Update: 2019-02-04 04:08 GMT

കൊച്ചി : ഇന്ത്യയില്‍ 990 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ പ്രചാരത്തില്‍ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റാ വ്യക്തമാക്കുന്നു. അതില്‍ 70 ശതമാനം കാര്‍ഡുകളും എടിഎമ്മില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു ഡെബിറ്റ് കാര്‍ഡിന്റെ അനന്ത സാധ്യതകള്‍ ഈ 70 ശതമാനവും പ്രയോജനപ്പെടുത്തുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.എടിഎം വഴിയുള്ള പണമിടപാട് ലളിതമാണ്. എന്നാല്‍ പല ബാങ്കുകളും എടിഎം വഴിയുള്ള പ്രതിദിന ഇടപാട് 10000 വരെയാക്കി നിജപ്പെടുത്തിയപ്പോള്‍ ആവശ്യത്തിനുള്ള ബാക്കി തുകയ്ക്കായി പലരും ബാങ്കിലേയ്ക്ക് ഓടുകയാണ്.വലിയ തുക കൈകാര്യം ചെയ്യുന്നതിന്റെ ഭാരം ഒരു ഡെബിറ്റ് കാര്‍ഡ് പരമാവധി കുറയ്ക്കുന്നുണ്ട്. ഇടപാടുകാര്‍ക്കും കട ഉടമയ്ക്കും അതാണ് സൗകര്യവും. ഏത് സാധനം വാങ്ങാനും കാര്‍ഡ് ഉപയോഗിക്കാമെന്നിരിക്കേ ഡെബിറ്റ് കാര്‍ഡുവഴി എടിഎമ്മില്‍ നിന്ന് പണം എടുത്ത് കടകളില്‍ കൊടുത്ത് സാധനം വാങ്ങുന്നവര്‍ ആണ് ഏറെയുമെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

പലചരക്ക്, സിനിമാ ടിക്കറ്റ്, യാത്രാ ടിക്കറ്റ്, ഹോം ഡെലിവറി, ഭക്ഷണം, അംഗത്വ കാര്‍ഡുകള്‍, ഇലക്‌ട്രോണിക്‌സ് എന്നിവയ്‌ക്കെല്ലാം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം . പിഒഎസ് ടെര്‍മിനലുകളിലെ ഇടപാട് അതീവ സുരക്ഷിതവുമാണെന്നും ചെലവായ തുക അപ്പോള്‍ തന്നെ അറിയാനും കഴിയുമെന്ന് വിസ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ ടി.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.2016-ല്‍ കേവലം രണ്ടുലക്ഷം പിഒഎസ് ടെര്‍മിനലുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 34 ലക്ഷമായി ഉയര്‍ന്നിരിക്കുന്നുവെന്നും രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകളുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. 2000 രൂപയില്‍ താഴെയുള്ള ഇടപാടുകളും കോണ്‍ടാക്റ്റ്‌ലെന്‍സു കാര്‍ഡുകളില്‍ കൂടിയിട്ടുണ്ട്.കഴിഞ്ഞ ഒക്‌ടോബറില്‍ 1300 എടിഎമ്മുകള്‍ പൂട്ടുകയുണ്ടായി. കൂടുതല്‍ എടിഎം പൂട്ടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എടിഎം നടത്തിപ്പ് ചെലവ് കൂടിയതാണ് ഇതിനു കാരണമെന്നും ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. 

Tags: