കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ മരണം: ഫോണടക്കമുള്ള തെളിവുകള്‍ കാണാനില്ല

ദിവ്യ ഉപയോഗിച്ചിരുന്ന മുറി പൂട്ടി സീല്‍ ചെയ്യുകയോ അവരുടെ മൊബൈല്‍ ഫോണ്‍, ഡയറി ഉള്‍പ്പെടെയുള്ളവ കണ്ടെത്തി തെളിവായി സ്വീകരിക്കാനോ പോലിസ് തയാറായില്ല.

Update: 2020-05-30 07:30 GMT

തിരുവല്ല: തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട ഫോണടക്കമുള്ള തെളിവുകള്‍ കാണാനില്ല. മൊബൈല്‍ ഫോണിനു പുറമേ പഴ്‌സണല്‍ ഡയറിയാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഇത് മഠം അധികൃതരും തിരുവല്ല പോലിസും ചേര്‍ന്ന് നശിപ്പിച്ചതായുള്ള ആരോപണവും ശക്തമാണ്.

ദിവ്യ ഉപയോഗിച്ചിരുന്ന മുറി പൂട്ടി സീല്‍ ചെയ്യുകയോ അവരുടെ മൊബൈല്‍ ഫോണ്‍, ഡയറി ഉള്‍പ്പെടെയുള്ളവ കണ്ടെത്തി തെളിവായി സ്വീകരിക്കാനോ പോലിസ് തയാറായില്ല. ഈ പഴുതുപയോഗിച്ചാണ് ഈ തെളിവുകള്‍ നശിപ്പിച്ചത്. തെളിവുകള്‍ നശിപ്പിക്കുന്നതിന് പോലിസിന്റെ സഹായം ലഭിച്ചതായും സൂചനയുണ്ട്. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പോലും ദിവ്യയുടെ മൊബൈല്‍ ഫോണോ, ഡയറിയോ സംബന്ധിച്ച് ഒരു വിവരവും രേഖപ്പെടുത്തിയിട്ടില്ല.

ദിവ്യ മരിക്കുന്നതിനു മുമ്പ് ആരൊക്കെ ആ ഫോണിലേക്ക് വിളിച്ചിരുന്നു, ദിവ്യ ആരെയൊക്കെയാണ് വിളിച്ചിരുന്നത്, മഠത്തിലെ പീഡനവുമായി ബന്ധപ്പെട്ട് എസ്എംഎസുകള്‍ എന്തെങ്കിലും അതിലുണ്ടായിരുന്നോ, വാട്സാപ്പ് മെസേജുകള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നീ കാര്യങ്ങള്‍ കേസിന്റെ ഗതിയെത്തന്നെ നിര്‍ണയിക്കുന്നതാണ്. എന്നാല്‍ ഈ കേസില്‍ മറ്റു തെളിവു ശേഖരണങ്ങളൊന്നും നടന്നിട്ടില്ല. കൊലപാതകം മറച്ചുവയ്ക്കാന്‍ വേണ്ടി ഡയറിയും മൊബൈല്‍ ഫോണും നശിപ്പിച്ചതാകാമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഭയ കൊലക്കേസിലും ഇതേ രീതിയായിരുന്നു. അഭയയുടെ ഡയറി സഭാ അധികൃതരും മഠത്തിലെ അന്തേവാസികളും ചേര്‍ന്ന് കത്തിച്ചു കളയുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  

Tags:    

Similar News