പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനം: സമയപരിധി ജൂണ്‍ 30 വരെ നീട്ടി

വിജ്ഞാപനം പ്രസിദ്ധീകരിച്ച് ആക്ഷേപവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനായി 60 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്.

Update: 2020-05-08 02:00 GMT

തിരുവനന്തപുരം: പരിസ്ഥിതി ആഘാത നിര്‍ണയം സംബന്ധിച്ച വിജ്ഞാപനത്തിന്‍മേല്‍ ആക്ഷേപവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് ആക്ഷേപവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനായി 60 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നിരുന്നു. ഇത് സംബന്ധിച്ച്, വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം കണക്കിലെടുത്താണ് തിയതി നീട്ടിയത്. വിജ്ഞാപനത്തിന്‍മേല്‍ ആക്ഷേപമോ നിര്‍ദേശമോ ജൂണ്‍ 30 നകം സെക്രട്ടറി, മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ്, ഫോറസ്റ്റ് ആന്‍ഡ് ക്ലൈമറ്റ് ചേയ്ഞ്ച്, ഇന്ദിരാ പര്യാവരണ്‍ ഭവന്‍, ജോര്‍ ബാഗ് റോഡ്, അലി ഗഞ്ച്, ന്യൂ ഡല്‍ഹി 110003 അല്ലെങ്കില്‍ eia2020-moefcc@gov.in. എന്ന ഇ മെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. 

Tags: