ഡിസിസി പ്രസിഡന്റുമാരുടെ നിയമനം; വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന് കെ സുധാകരന്‍

Update: 2021-08-30 12:45 GMT

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡല്‍ഹിയില്‍നിന്നും തിരികെയെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഡിസിസി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് എല്ലാ അഭിപ്രായങ്ങളും ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുമേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം.

എല്ലാ ദിവസവും വിവാദവുമായി മുന്നോട്ടുപോവാന്‍ പാര്‍ട്ടിക്ക് സാധ്യമല്ലെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി, ഡിസിസി ഭാരവാഹികളുടെ പുനസ്സംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും. അതിനായി ഹൈക്കമാന്റ് സമയപരിധി നിശ്ചയിച്ചിട്ടില്ല. കഴിവും പ്രാപ്തിയുമുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരും. രണ്ട് ചാനലില്‍ നിന്നുള്ളവരുടെ സംയോജനമല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്. എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് പൊതുനയം. എന്നാല്‍, അതിന് വേണ്ടി പാര്‍ട്ടി അച്ചടക്കം ബലികഴിക്കാനും സുതാര്യമായ പാര്‍ട്ടി പ്രവര്‍ത്തനം വഴിമുടക്കാനും താല്‍പര്യമില്ല. ഇത്രയും നാള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ യത്‌നിച്ചവര്‍ കോണ്‍ഗ്രസിന് ഹാനികരമാവുന്ന തലത്തിലേക്ക് പോവരുതെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എന്നും താങ്ങും തണലുമായി ഉണ്ടാവണമെന്നാണ് വ്യക്തിപരമായ തന്റെ ആഗ്രഹം. അത് സഫലീകരിക്കാന്‍ അവര്‍ തന്നോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ. കെ മുരളീധരന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസില്‍ അതിന്റേതായ നിലയും വിലയുമുണ്ട്. പാര്‍ട്ടിയുടെ നെടും തൂണുകളിലൊന്നാണ് കെ മുരളീധരനെന്നും സുധാകരന്‍ പറഞ്ഞു. എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് എവിടെയും പോവില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ട്. അദ്ദേഹത്തിന്റെ രാജി പ്രത്യേക സാഹചര്യത്തിലാണ്. താനും ഗോപിനാഥനുമായുള്ള ബന്ധം രൂഢമാണ്.

അങ്ങനെയൊന്നും തന്നെ കൈയൊഴിയാന്‍ ഗോപിനാഥിനാവില്ല. അദ്ദേഹത്തെ കോണ്‍ഗ്രസില്‍ സക്രിയമാക്കാനുള്ള നടപടികളായിരിക്കും കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ സ്വീകരിക്കുക. എ വി ഗോപിനാഥുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനില്‍ അക്കര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് സദുദ്ദേശപരമാണ്. ഗോപിനാഥിനെ വ്യക്തിപരമായി ആക്ഷേപിക്കണമെന്ന ഉദ്ദേശം അനില്‍ അക്കരയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍, ചില മാധ്യമങ്ങള്‍ എ വി ഗോപിനാഥിനെതിരേ അനില്‍ അക്കര രംഗത്തെന്ന വാര്‍ത്ത നല്‍കുകയാണുണ്ടായത്. അതാണ് ഗോപിനാഥനെ പ്രകോപിപ്പിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: