ജനവാസ കേന്ദ്രത്തില്‍ ക്രഷര്‍ യൂനിറ്റിന് അനുമതി: ആത്മഹത്യാ ഭീഷണിയുമായി ദലിത് യുവാക്കള്‍

Update: 2019-06-27 14:14 GMT

മലപ്പുറം: എടവണ്ണ പഞ്ചായത്തിലെ കുണ്ടുതോട് പുതുവയല്‍ ദലിത് കോളനിക്ക് സമീപത്ത് ക്രഷര്‍ യൂനിറ്റിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി ദലിത് യുവാക്കള്‍. ഇ സുനില്‍കുമാര്‍ (38), കെ സജികുമാര്‍ (39) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് 3:30ഓടെ പഞ്ചായത്ത് ഓഫിസിനകത്ത് കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കല്‍, എടവണ്ണ എസ്‌ഐ വി വിജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസും തിരുവാലി ഫയര്‍ സ്‌റ്റേഷന്‍ മേധാവി മുനവ്വന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. യുവാക്കളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ പിന്‍മാറില്ലെന്നതില്‍ യുവാക്കള്‍ ഉറച്ചു നിന്നതോടെ ഏറനാട് തഹസില്‍ദാര്‍ ശുഭന്‍ സ്ഥലത്തെത്തി. ക്രഷര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദര്‍ശിക്കാമെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും നല്‍കിയ ഉറപ്പിലാണ് യുവാക്കള്‍ പിന്‍മാറിയത്.

വാര്‍ഡ് മെമ്പര്‍ ടികെ സക്കീറിന്റെ നേതൃത്വത്തില്‍ കോളനി നിവാസികളടക്കമുള്ള പരിസരവാസികള്‍ രാവിലെ പഞ്ചായത്ത് ഓഫിസിലെത്തി അധികൃതരോട് സംഭവത്തിന്റെ ഗൗരവം മനസിലാക്കി ക്രഷറിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടും ബോര്‍ഡ് മീറ്റിങില്‍ ക്രഷറിന് അനുമതി നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു ഇറങ്ങി പോരുകയും ചെയ്തിരുന്നു. എടവണ്ണയുടെ വിവിധ ഭാഗങ്ങളില്‍ അനുമതിയുള്ളതും ഇല്ലാത്തതുമായി 25ളം ക്രഷറുകളും കോറികളും പ്രവര്‍ത്തിക്കുന്നുണ്ട്. എടവണ്ണ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ പ്രതിഷേധിച്ച് നടത്തുന്ന മൂന്നാമത്തെ ആത്മഹത്യാ ഭീഷണിയാണ് വ്യാഴാഴ്ചത്തേത്. കുന്ന് നികത്തിയാണ് ക്രഷര്‍ യൂനിറ്റിന്റെ നിര്‍മാണമെന്നതിനാല്‍ മഴ പെയ്താല്‍ മണ്ണും പാറക്കല്ലുകളും ഒലിച്ചു വരുന്നതും സമീപവാസികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. 

Similar News