ഡിഎ കുടിശിക: ജീവനക്കാരെ കബളിപ്പിച്ച സര്‍ക്കാര്‍ നടപടി ലജ്ജാകരമെന്ന് പ്രതിപക്ഷം

പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന ഈ ശൈലി ഒരു ജനാധിപത്യ സര്‍ക്കാരിനും ചേര്‍ന്നതല്ല. സര്‍ക്കാരിലെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നയമാണിത്. ബജറ്റിലും മറ്റും ജനങ്ങള്‍ക്ക് കള്ള വാഗ്ദാനം നല്‍കി വഞ്ചിക്കുന്നത് സ്ഥിരം പരിപാടിയാക്കിയ സര്‍ക്കാര്‍ സ്വന്തം ജീവനക്കാരെയും അതേരീതിയില്‍ കബളിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Update: 2019-04-28 10:05 GMT

തിരുവനന്തപുരം:  ഡിഎ കുടിശ്ശിക നല്‍കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിഴുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുക മാത്രമല്ല അവഹേളിക്കുക കൂടി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

സംസ്ഥാന ചരിത്രത്തില്‍ ഒരു സര്‍ക്കാരും തിരഞ്ഞെടുപ്പിന്  കള്ള വാഗ്ദാനം നല്‍കി സ്വന്തം ജീവനക്കാരെ ഇങ്ങനെ പറ്റിക്കുന്ന നാണം കെട്ട നടപടി സ്വീകരിച്ചിട്ടില്ല.  പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന ഈ ശൈലി ഒരു ജനാധിപത്യ സര്‍ക്കാരിനും ചേര്‍ന്നതല്ല. സര്‍ക്കാരിലെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നയമാണിത്.  ബജറ്റിലും മറ്റും ജനങ്ങള്‍ക്ക് കള്ള വാഗ്ദാനം നല്‍കി വഞ്ചിക്കുന്നത് സ്ഥിരം പരിപാടിയാക്കിയ സര്‍ക്കാര്‍ സ്വന്തം ജീവനക്കാരെയും അതേ രീതിയില്‍ കബളിപ്പിച്ചിരിക്കുകയാണ്. പണം നല്‍കാനില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അക്കാര്യം സര്‍ക്കാരിന് തുറന്നു പറയാമായിരുന്നു. അല്ലാതെ പണം നല്‍കുമെന്ന്  ഉത്തരവിറക്കി കാണിച്ച ശേഷം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ  ആ ഉത്തരവ് പിന്‍വലിച്ചത് ലജ്ജാകരമാണ്. 

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ ലിസ്റ്റില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ  വെട്ടിക്കുറവ് വരുത്താനുള്ള തീരുമാനവും ഇതേ പോലെ കബളിപ്പിക്കലാണ്.  ഈ നടപടികള്‍ പുനപ്പരിശോധിച്ച് തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    

Similar News