ന്യൂനമര്‍ദം ശക്തിപ്പെട്ടു: മഴ തീവ്രമായി; ഒമ്പത് ഇടങ്ങളില്‍ ജാഗ്രത

ബംഗാള്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെടും.

Update: 2019-08-07 05:35 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വീണ്ടും മഴകനത്തു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളില്‍ രാത്രി ശക്തമായി മഴപെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയെതുടര്‍ന്ന് വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ രാവിലെ പത്തിന് 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തും. മലങ്കര ഡാമിന്റെ മൂന്നുഷട്ടറുകള്‍ വൈകുന്നേരം ഉയര്‍ത്തും.

അതേസമയം, ബംഗാള്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്.

പലയിടങ്ങളിലും 60 കി.മി വരെ ശക്തിയുള്ള കാറ്റിന് സാധ്യതയുണ്ട്. തീരദേശത്ത് 45 കി.മി വരെയും ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോരത്ത് 60 കി.മി വരെയും ശക്തിയുള്ള കാറ്റിനാണ് സാധ്യതയുണ്ട്. തിരൂര്‍, തൃശൂര്‍, പൊന്നാനി, കൊച്ചി, ആലപ്പുഴ, കണ്ണൂര്‍, പയ്യന്നുര്‍ , കാഞ്ഞങ്ങാട്, കാസര്‍കോട് തീരദേശത്ത് 45 കി.മി വരെയും വയനാട്, കാട്ടിക്കുളം, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, വടക്കോല്‍, പമ്പ, കമ്പം, പൊള്ളാച്ചി, കോയമ്പത്തൂര്‍, ഊട്ടി, ബംഗളൂരു എന്നിവിടങ്ങളില്‍ 60 കി.മി വരെയും വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് വിന്റ് മോഡലുകള്‍ സൂചന നല്‍കുന്നു. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകും. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

ശക്തമായ മഴ തുടരാന്‍ സാഹചര്യമുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായതോ അതിശക്തം ആയതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Tags: