ഭീതിയൊഴിഞ്ഞ് കേരളവും ലക്ഷദ്വീപും; 'മഹാ' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്
കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോവുന്ന ചുഴലിക്കാറ്റ് മംഗലാപുരത്തുനിന്ന് 390 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. 'മഹാ' ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്.
കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹാ' ചുഴലിക്കാറ്റ് കേരളതീരം പൂര്‍ണമായും വിട്ടതോടെ സംസ്ഥാനത്ത് ആശങ്കയൊഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. ഒരിടത്തും കേന്ദ്ര കാലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ലക്ഷദ്വീപിലും ഗ്രീന്‍ അലര്‍ട്ടാണ്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 'മഹാ' ഒമാന്‍ തീരത്തേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോവുന്ന ചുഴലിക്കാറ്റ് മംഗലാപുരത്തുനിന്ന് 390 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. 'മഹാ' ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. കിഴക്കന്‍ അറബിക്കടലില്‍ ചെറിയപാനി റീഫിന് (ലക്ഷദ്വീപ്) 300 കിലോമീറ്റര്‍ വടക്ക്, അമിനിദിവി (ലക്ഷദ്വീപ്) ന് 400 കിമീ വടക്കുപടിഞ്ഞാറ്, മംഗളൂരുവിന് (കര്‍ണാടക) പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് 390 കിമീറ്ററിലുമാണ് നിലവില്‍ 'മഹാ' ചുഴലിക്കാറ്റുള്ളത്. അടുത്ത ആറുമണിക്കൂറിനുള്ളില്‍ ഇത് വടക്കുവടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. പിന്നീടുള്ള ആറുമണിക്കൂറിനുള്ളില്‍ ഇത് വടക്കുപടിഞ്ഞാറോട്ട് നീങ്ങിയ ശേഷം പടിഞ്ഞാറോട്ട് നീങ്ങാനും സാധ്യതയുണ്ട്.
അതിനാല്‍, ലക്ഷദ്വീപും സുരക്ഷിതമാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ അറബിക്കടലില്‍ അതിതീവ്രമായ കൊടുങ്കാറ്റായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാല്‍, ലക്ഷദ്വീപില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ തീരദേശപ്രദേശങ്ങളില്‍ ശക്തമായ കാറ്റുവിശാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല.

