കടലില്‍ കാണാതായ ഒരുവള്ളം കണ്ടെത്തി; ഒരാള്‍ തിരയില്‍ അകപ്പെട്ടെന്ന് മല്‍സ്യത്തൊഴിലാളികള്‍
വള്ളത്തിലെ സ്രാങ്കായ രാജീവിനെയാണ് കാണാതായത്. 'മഹാ' ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു.
കോഴിക്കോട്: ചേറ്റുവ ഹാര്‍ബറില്‍നിന്ന് കടലില്‍പോയി കാണാതായ 'തമ്പുരാന്‍' എന്ന വള്ളം കണ്ടെത്തി. വളളത്തിലെ ഒരു തൊഴിലാളിയെ കടലിലേക്ക് തെറിച്ചുവീണ് കാണാതായി. വള്ളത്തിലെ സ്രാങ്കായ രാജീവിനെയാണ് കാണാതായത്. 'മഹാ' ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. ശക്തമായ തിരയടിച്ചതോടെ ഇയാള്‍ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വള്ളത്തിലുണ്ടായിരുന്ന മറ്റ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ഏഴുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 7.30 ഓടെയാണ് വള്ളം കണ്ണൂര്‍ ഐക്കര ഹാര്‍ബറിലെത്തിയത്.
അതേസമയം, തൃശൂര്‍ മുനയ്ക്കല്‍ തീരത്തുനിന്ന് പോയി അപകടത്തില്‍പ്പെട്ട 'സാമുവല്‍' എന്ന വള്ളത്തിലെ കാണാതായ മല്‍സ്യത്തൊഴിലാളിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോര്‍ട്ട് കൊച്ചി തീര്‍ത്തുവച്ചായിരുന്നു അപകടം. ഈ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച് കരക്കെത്തിച്ചു. നാലുദിവസം മുമ്പാണ് ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനു തിരിച്ചത്. കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍നിന്ന് കടലില്‍ പോയി കാണാതായ ആറുപേരെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.