അതിജീവിതയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Update: 2025-12-16 07:43 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പോലിസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്‌ലോഗറാണ് കേസിലെ ആറാം പ്രതി.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത്. സൈബര്‍ അധിക്ഷേപ പരാതിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യല്‍ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ സന്ദീപ് വാര്യര്‍ പറയുന്നത്.