സ്വർണക്കടത്ത്: കാരാട്ട് ഫൈസൽ എംഡിയായ ആശുപത്രിയിൽ കസ്റ്റംസ് റെയ്ഡ്
സ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം ആശുപത്രിയുമായി ബന്ധപ്പെട്ട് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയില്‍ കസ്റ്റംസ് റെയ്ഡ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആശുപത്രിയിലെത്തി പരിശോധന നടത്തിയത്.
സ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം ആശുപത്രിയുമായി ബന്ധപ്പെട്ട് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്ന ഫൈസല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നല്‍കുന്നുണ്ട്.
റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം എത്തിത്. സ്വപ്നയുടെ മൊഴികളിലും കാരാട്ട് ഫൈസലിനെ കുറിച്ച് പരാമര്‍ശമുളളതായിട്ടാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെത്തിച്ചുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുമ്പോള്‍ അറസ്റ്റിനുളള സാധ്യതയും തള്ളിക്കളയുന്നില്ല.