നെടുങ്കണ്ടം കസ്റ്റഡിമരണം: സർക്കാരിനെതിരേ വിഎസ്; ചില കാര്യങ്ങളിൽ പിഴവുകൾ സംഭവിച്ചു

പോലിസ് സേനയെക്കുറിച്ച് അടുത്തകാലത്ത് ഉയർന്നു വന്നിട്ടുള്ള അരോപണങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറ‍‍ഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടിയെടുക്കണം.

Update: 2019-07-02 08:15 GMT

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ.  പോലിസ് സേനയെക്കുറിച്ച് അടുത്തകാലത്ത് ഉയർന്നു വന്നിട്ടുള്ള അരോപണങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറ‍‍ഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടിയെടുക്കണം. ധനവിനിയോഗ ബില്ലിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ വകുപ്പിനെ വിലയിരുത്തേണ്ടത്. പോലിസിന് ജുഡീഷ്യൽ അധികാരം കൂടി ലഭിക്കുകയാണെങ്കിൽ എന്തെല്ലാം ദുരന്തങ്ങൾ ഉണ്ടാവാം എന്ന സൂചനയിലേക്ക് കണ്ണു തുറക്കാൻ ഈ സംഭവങ്ങൾ നിമിത്തമായി. പോലിസിന് ജുഡീഷ്യൽ അധികാരം നൽകാനുള്ള തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു. ആ തീരുമാനം നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിട്ടില്ല.

ഭരണ നേട്ടങ്ങളുടെ അവകാശികൾ ആയിരിക്കെത്തന്നെ പിഴവുകളുടേയും കോട്ടങ്ങളുടേയും ഉത്തരവാദിത്വത്തിൽ നിന്നും ഭരണകൂടങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല. ചില കാര്യങ്ങളിൽ പിഴവുകൾ സംഭവിച്ചുവെന്ന് വ്യക്തമാണ്. ഇതിന് ഉത്തരവാദികളായ ജീവനക്കാരെ ശിക്ഷിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾക്കും തങ്ങളുടെ വീഴ്ചകളിൽ നിന്നും വിട്ടുനിൽക്കാനാവില്ല.

എന്നാൽ, ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് കോൺഗ്രസിന്റേയും ബിജെപിയുടേയും നീക്കം അപലപനീയമാണ്. യുഡിഎഫ് ഭരണകാലത്ത് നടന്ന ഉരുട്ടിക്കൊലകളുടേയും കൈയേറ്റങ്ങളുടേയും സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളുടേയും അഴിമതികളുടെയും കണക്ക് സഭയിൽ എണ്ണിപ്പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വിഎസ് പറഞ്ഞു.

Tags:    

Similar News