കര്‍ഫ്യൂ സമയം വിശ്വാസത്തെ വ്രണപ്പെടുത്തുന്നത്; പുനക്രമീകരിച്ചേ മതിയാവൂ- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

പുലര്‍ച്ചയിലും രാത്രിയിലും പ്രഖ്യാപിച്ചിട്ടുള്ള കര്‍ഫ്യൂ മറ്റെന്തിനേക്കാളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികളില്‍ നടത്തുന്ന റമദാന്‍ പ്രാര്‍ത്ഥനകളെയാണ് കാര്യമായി തടസ്സപ്പെടുത്തുന്നത്. മേളകള്‍ക്കും പൂരങ്ങള്‍ക്കും അനിയന്ത്രിതമായി അനുവാദം കിട്ടുന്ന നാട്ടില്‍ പള്ളികള്‍ക്ക് മാത്രം അന്യായമായ നിയന്ത്രണം വരുന്നത് സംശയദൃഷ്ടിയോടെയേ നിരീക്ഷിക്കാനാവൂ.

Update: 2021-04-20 01:19 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല കര്‍ഫ്യൂ റമദാന്‍ രാത്രികളിലെ പ്രത്യേക പ്രാര്‍ത്ഥനയെയും പ്രഭാത പ്രാര്‍ത്ഥനയെയും പ്രതികൂലമായി ബാധിക്കുന്നതും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന അശാസ്ത്രീയ നടപടിയുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. ആയതിനാല്‍ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്താതെ കര്‍ഫ്യൂ സമയം അടിയന്തരമായി പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പുലര്‍ച്ചയിലും രാത്രിയിലും പ്രഖ്യാപിച്ചിട്ടുള്ള കര്‍ഫ്യൂ മറ്റെന്തിനേക്കാളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികളില്‍ നടത്തുന്ന റമദാന്‍ പ്രാര്‍ത്ഥനകളെയാണ് കാര്യമായി തടസ്സപ്പെടുത്തുന്നത്. മേളകള്‍ക്കും പൂരങ്ങള്‍ക്കും അനിയന്ത്രിതമായി അനുവാദം കിട്ടുന്ന നാട്ടില്‍ പള്ളികള്‍ക്ക് മാത്രം അന്യായമായ നിയന്ത്രണം വരുന്നത് സംശയദൃഷ്ടിയോടെയേ നിരീക്ഷിക്കാനാവൂ. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ന്യായമായ മതസ്വാതന്ത്ര്യത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിനോടുപോലും യാചിക്കുകയും ശബ്ദിക്കുകയും ചെയ്താലേ വകവച്ചുകിട്ടൂ എന്നു വരുന്നത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ പ്രത്യേകമായ സാമൂഹിക നിയന്ത്രണങ്ങള്‍ വരുത്തുമ്പോള്‍ സംസ്ഥാനത്തെ വിവിധ മതവിശ്വാസികളെ അവരുടെ വിശേഷാവസരങ്ങളില്‍ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി ക്രമീകരണങ്ങള്‍ വരുത്താന്‍ ശ്രമിക്കാത്തത് ബോധപൂര്‍വം വരുത്തുന്ന വലിയൊരു പിഴവായി ബന്ധപ്പെട്ടവര്‍ വിലയിരുത്തണം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനാ ക്രമീകരണം വരുത്തിയിട്ടുള്ള പള്ളികളെപ്പറ്റി സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ ആശങ്ക വേണ്ടതില്ല. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടാവുന്ന വിശ്വാസികള്‍ നിരുത്തരവാദപരമായി പെരുമാറില്ലെന്ന് അവര്‍ക്ക് ഉറപ്പിക്കാം.

ആയതിനാല്‍ റമദാനിലെ രാത്രികാല പ്രാര്‍ത്ഥനയെയും പ്രഭാത പ്രാര്‍ത്ഥനയെയും ബാധിക്കാത്ത വിധം കര്‍ഫ്യൂ സമയം രാത്രി 10 മുതല്‍ രാവിലെ 5 വരെയായി പുന:ക്രമീകരിക്കണമെന്നും ഭാരവാഹികള്‍ സംയുക്തപ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ടി അബ്ദുറഹ്മാന്‍ ബാഖവി, വി എം ഫത്ഹുദ്ദീന്‍ റഷാദി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ്‌വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, എം ഇ എം അശ്‌റഫ് മൗലവി, ഹാഫിസ് നിഷാദ് റഷാദി, അബ്ദുല്‍ ഹാദി മൗലവി, മുഹമ്മദ് സലിം അല്‍ ഖാസിമി, നിസാറുദ്ദീന്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.

Tags: