കര്‍ഫ്യൂ ഇളവ്: സര്‍ക്കാര്‍ നിലപാട് പ്രശംസനീയം; പള്ളികളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഉലമ സംയുക്ത സമിതി

Update: 2021-04-21 08:20 GMT

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ റമദാനിലെ രാത്രി പ്രാര്‍ഥനയ്ക്ക് പ്രയാസമാകാതിരിക്കാന്‍ സമയം പുനക്രമീകരിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍, ഇളവനുവദിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ഉലമാ സംയുക്ത സമിതി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രാര്‍ഥന നടത്തുന്ന പള്ളികള്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സമിതി യോഗം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വ്യത്യസ്ത പ്രസ്ഥാനങ്ങളില്‍ നിന്നുകൊണ്ടാണെങ്കിലും ഒരുപോലെ ചിന്തിക്കുകയും ഒരേ സ്വരത്തില്‍ ശബ്ദിക്കുകയും ചെയ്തതിന്റെ പേരിലുണ്ടായ ഫലത്തിന്റെ ചെറിയ ഉദാഹരണമാണിത്. ഇത് എല്ലാവരുടെയും കൂട്ടായ പരിശ്രമഫലമാണ്. അതിനായി പരിശ്രമിച്ച പ്രസ്ഥാനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് പള്ളികളില്‍ മതിയായ ആരോഗ്യമുന്‍കരുതലുകള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. രോഗവ്യാപനം രൂക്ഷമാവുന്ന ഘട്ടം വന്നാല്‍ രോഗികളെ പരിചരിക്കുന്നതിനും ജനസേവനത്തിനുമായി മഹല്ല് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും മഹല്ല് ഭാരവാഹികള്‍ നേതൃത്വം നല്‍കണം.

മാനവരാശിയെ ബാധിച്ചിട്ടുള്ള ഈ വിപത്തില്‍ നിന്നും എത്രയും വേഗം മുക്തമാകാന്‍ വിത്ര്‍ നമസ്‌കാരത്തില്‍ 'നാസിലതി'ന്റെ പ്രാര്‍ഥന നടത്തേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ എസ് അര്‍ഷദ് അല്‍ ഖാസിമി കല്ലമ്പലം, അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമി, കരമന അശ്‌റഫ് മൗലവി, ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം, ഹാഫിസ് അഫ്‌സല്‍ ഖാസിമി, നവാസ് മന്നാനി പനവൂര്‍, അര്‍ഷദ് മുഹമ്മദ് നദ്‌വി, സൈനുദ്ദീന്‍ ബാഖവി, പാനിപ്ര ഇബ്‌റാഹീം ബാഖവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, വി എം ഫതഹുദ്ദീന്‍ റഷാദി, ഫിറോസ്ഖാന്‍ ബാഖവി, സല്‍മാന്‍ മൗലവി ഈരാറ്റുപേട്ട, അഷ്‌റഫ് അല്‍ഖാസിമി തൊടുപുഴ, ഷഫീഖ് ബാഖവി കൊണ്ണിയൂര്‍, ഹാഫിസ് അശ്‌റഫലി മൗലവി, ലുത്ഫുല്ലാ മൗലവി, അബ്ദുല്‍ ഹാദി മൗലവി, ഹാഫിസ് നിഷാദ് റഷാദി, നുജുമുദ്ദീന്‍ മൗലവി ചടയമംഗലം, അനസ് മൗലവി അഴിക്കോട്, അന്‍സാരി മൗലവി പന്തളം, ഇര്‍ഷാദ് മന്നാനി ചിറ്റുമൂല, അശ്കര്‍ ബാഖവി തൊടുപുഴ, ഷബീര്‍ മനാരി, ഷറഫുദീന്‍ അസ്‌ലമി, ഷാഹുല്‍ ഹമീദ് ഖാസിമി, നുജുമുദ്ദീന്‍ ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News