തമിഴ്നാട് മണലിന് തടയിട്ട് ക്രഷര്‍ മാഫിയ

കേരളത്തിലെ ക്രഷര്‍ മാഫിയയെ സഹായിക്കാനാണ് ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടല്‍. തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള മണല്‍ലോഡുകള്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വച്ച് തിരിച്ചയക്കുകയാണ്.

Update: 2019-09-14 09:51 GMT

തിരുവനന്തപുരം: കേരളത്തിനാവശ്യമായ മണല്‍ തരാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറായിട്ടും ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടല്‍ മൂലം സംസ്ഥാനത്തേയ്ക്ക് മണല്‍ എത്തിക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ ക്രഷര്‍ മാഫിയയെ സഹായിക്കാനാണ് ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടല്‍.

തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള മണല്‍ലോഡുകള്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വച്ച് തിരിച്ചയക്കുകയാണ്. കേരളത്തിലേക്ക് കടന്നാല്‍ വാഹനം ഉള്‍പ്പടെ പിടിച്ചെടുക്കുമെന്നുള്ള ഭീഷണിയും ഇവര്‍ നടത്തുന്നുണ്ട്. 80 ശതമാനത്തിലധികം ആളുകളും കെട്ടിടനിര്‍മ്മാണങ്ങള്‍ക്കായി എം.സാന്റാണ് ഉപയോഗിക്കുന്നത്. കരൂര്‍ മണല്‍ നിര്‍ലോഭം കേരളത്തിലെത്തിയാല്‍ അത് തങ്ങളുടെ വില്‍പ്പനയെ ബാധിക്കുമെന്നതിനാല്‍ ക്രഷറുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് അതിര്‍ത്തിയില്‍ കരൂര്‍ മണല്‍ തടയുന്നത്.

കേരളത്തിലെ പുഴ മണലിനൊപ്പം ഗുണനിലവാരമുള്ള കരൂര്‍മണല്‍ കേരളത്തില്‍ ലഭ്യമായാല്‍ ക്രഷറുകളുടെ നിലനില്‍പ്പിനെ അത് ബാധിക്കും. കരൂരില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ നിയമാനുസൃതം എത്തിയാല്‍ കേരളത്തിന് നികുതിയിനത്തില്‍ നല്ല വരുമാനവും ലഭിക്കും. പാലക്കാട്, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലേക്ക് കരൂര്‍ മണല്‍ മിതമായ നിരക്കില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

നിര്‍മ്മാണ മേഖലയില്‍ എം സാന്റിന് ആവശ്യമേറിയതോടെ കേരളത്തിലുടനീളം ക്വാറികള്‍ തുടങ്ങിയിരുന്നു. ഇതില്‍ നിയമവിരുദ്ധമായവയും നിയമവിധേയമായും പ്രവര്‍ത്തിക്കുന്നവയുണ്ട്. ചെറുതും വലുതുമായ ക്വാറികളില്‍ നിന്ന് കരിങ്കല്ല് നൂറുകണക്കിന് ലോഡുകളാണ് ക്രഷറുകളില്‍ നിത്യേന എത്തുന്നത്. ഗോവിന്ദാപുരം വരെ ഇപ്പോള്‍ കരൂര്‍ മണല്‍ എത്തിക്കുന്നുണ്ട്. അതിന് ഇപ്പുറമാണ് മണലിന് അപ്രഖ്യാപിത നിരോധനമുള്ളത്.

Tags: