പൂന്തോപ്പ് പള്ളി സെമിത്തേരിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ആളനക്കം; കറുത്ത വസ്ത്രം ധരിച്ച് കുരിശില്‍ തലകീഴായി കിടന്ന് റീല്‍ ചിത്രീകരണം

Update: 2026-03-27 07:35 GMT

ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചു കയറി യുവാക്കളുടെ ലഹരി ഉപയോഗവും റീല്‍ ചിത്രീകരണവും വിവാദത്തില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സെമിത്തേരിയുടെ മതില്‍ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കാനായി റീല്‍ ചിത്രീകരിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച റീല്‍സും പുറത്തുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നും പള്ളിയിലെ സിസിടിവിയില്‍ നിന്നും അതിക്രമിച്ചു കയറിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പള്ളി കൈക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് യുവാക്കള്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പോലിസ് കേസെടുത്തു.