വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധിപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

Update: 2025-12-30 06:52 GMT

കാസര്‍കോട് : റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ അപകടം. കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടി കാണാന്‍ എത്തിയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിപാടിക്കിടെ പരിക്കേറ്റത്.

പരിക്കേറ്റതിനെ തുടര്‍ന്ന് നിരവധി പേരെ കാഞ്ഞങ്ങാട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 15 ഓളം പേരെയാണ് ഇന്നലെ (ഡിസംബര്‍ 29) രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്. പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു.

പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനായി പാളം മുറിച്ച് കടക്കുന്നിതിനിടെയായിരുന്നു അപകടം. പൊയിനാച്ചി സ്വദേശി ശിവാനന്ദ് (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആണ് വേടന്റെ സംഗീത പരിപാടി ആരംഭിച്ചത്. ഒന്‍പത് മണിക്ക് മുന്‍പ് തന്നെ വലിയ ജനക്കൂട്ടം പരിപാടി നടക്കുന്ന വേദിയിലും പരിസരത്തുമായി എത്തിതുടങ്ങി. ആളുകള്‍ നേരത്തെ എത്തിത്തുടങ്ങിയതോടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. തിരക്ക് കൂടി വന്ന സാഹചര്യത്തില്‍ എല്ലാവരും സ്വയം സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സംഘടകര്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു.

അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംഘാടകര്‍ പറഞ്ഞു. മുന്‍ ഭാഗത്തേക്ക് ആള്‍ക്കാര്‍ ഇടിച്ചുകയറിയതാണ് വലിയ തിരക്കിന് കാരണമായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ശാരീരിക അസ്വസ്ഥതകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. അതേ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റെയില്‍പാളം മറികടന്നും, ബീച്ച് വഴിയും ആള്‍ക്കാര്‍ പരിപാടി സ്ഥലത്തേക്ക് ഇടിച്ച് കയറി. അത്തരം വഴികള്‍ അടച്ചിരുന്നു. പരിപാടിയില്‍ പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ എത്തിയതാണ് അപകടത്തിന് കാരണം. പരിപാടിക്ക് എത്തിയ ആളുകളെ വിവിധ ഗേറ്റുകള്‍ വഴിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ തിരക്കിനിടയില്‍ നിരവധി ആളുകള്‍ വേദിയിലേയ്ക്ക് ഇടിച്ച് കയറി അവയെല്ലാം നശിപ്പിച്ചു.