ബദല്‍ പാതയിലൂടെ അതിര്‍ത്തി കടക്കല്‍: ഡ്രോണ്‍ പരിശോധനയുമായി പോലിസ്

ചെക്ക് പോസ്റ്റിന് സമീപത്തെ ആറ് കിലോമീറ്ററിനുള്ളിലുള്ള എല്ലാ സമാന്തരപാതകളും ഇനി നിരീക്ഷണത്തിലാവും. കോവിഡ് പശ്ചാത്തലത്തില്‍ ചരക്ക് വാഹനങ്ങളില്‍ കയറാതെയും സ്പര്‍ശിക്കാതെയും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താം.

Update: 2020-03-31 08:30 GMT

തിരുവനന്തപുരം: കേരളത്തിലേക്ക് സമാന്തരപാത വഴി കടക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കാനായി ഡ്രോണ്‍ പരിശോധനയുമായി പോലിസ്. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കിയത്.

കമ്പംമേട് ചെക്ക് പോസ്റ്റിലാണ് ആദ്യ പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് ചെക്ക് പോസ്റ്റുകളിലെത്താതെ അടുത്തുള്ള ഇടവഴികളിലൂടെ ചരക്ക് കടത്തുന്നതായ് ലഭിച്ചതിന്റെ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പം മേട് ചെക്ക് പോസ്റ്റില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചത്. ചെക്ക് പോസ്റ്റിന് സമീപത്തെ ആറ് കിലോമീറ്ററിനുള്ളിലുള്ള എല്ലാ സമാന്തരപാതകളും ഇനി നിരീക്ഷണത്തിലാവും. കോവിഡ് പശ്ചാത്തലത്തില്‍ ചരക്ക് വാഹനങ്ങളില്‍ കയറാതെയും സ്പര്‍ശിക്കാതെയും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താം.

അതിഥി തൊഴിലാളികള്‍ അധികൃതരുടെ അനുമതിയില്ലാതെ അതിര്‍ത്തി കടക്കുന്നതും ഇനി തടയാനാവും. ചില തോട്ടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചും പണികള്‍ നടക്കുന്നതായ് പരാതികള്‍ ഉയര്‍ന്നിരുന്നു . ഈ സാഹചര്യത്തില്‍ തോട്ടങ്ങളിലും ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന ശക്തമാക്കും.

സംസ്ഥാന അതിര്‍ത്തി മേഖലയിലെ നടപാതകളിലൂടെയുള്ള ജനസഞ്ചാരം തടയുവാനുള്ള നടപടികളുമായി ജില്ലാ പോലിസ് മേധാവി ചതുരംഗപ്പാറ, രാമക്കല്‍മേട്, തേവാരംമെട്ട് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. പ്രദേശത്ത് കൂടുതല്‍ പോലിസിനെയും നിയമിക്കും.

Tags: