ഹോര്‍ട്ടികോര്‍പ്പില്‍ കോടികളുടെ വെട്ടിപ്പും അഴിമതിയും: ചെന്നിത്തല

സര്‍ക്കാരിന്റെ അനുമതിയില്ലാതെ രണ്ടു ഉദ്യോഗസ്ഥര്‍ ഇതിനിടയില്‍ ഏജന്റുമാരുടെ സഹായത്തോടെ വിദേശ സന്ദര്‍ശനം നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Update: 2020-03-14 11:30 GMT

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ കീഴിലുളള ഹോര്‍ട്ടികോര്‍പ്പില്‍ നടക്കുന്നത് കോടികളുടെ വെട്ടിപ്പും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് പിന്നില്‍  പ്രവര്‍ത്തിക്കുന്ന  മാനേജിംഗ്  ഡയറക്ടറെയും ജനറല്‍ മാനേജറെയും ഉടനടി സസ്പെന്‍ഡ് ചെയ്ത് അന്വേഷണം  നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് വില്‍പന നടത്തണമെന്നാണ് സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പിന് നിര്‍ദേശം  നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം ലംഘിച്ചു കൊണ്ട് നടക്കുന്ന പച്ചക്കറി സംഭരണത്തിലും വില്‍പ്പനയിലും കോടിക്കണക്കിന്  രൂപയുടെ അഴിമതി നടക്കുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ്.

 സംസ്ഥാനത്തെ കര്‍ഷകരില്‍നിന്നും പച്ചക്കറി സംഭരിക്കാതെ രയിത്ര മിത്ര, കുറിഞ്ഞി, കബനി ഓര്‍ഗാനിക് പ്രൊഡ്യൂസര്‍ കമ്പനി, എസ്.ഡി വെജിറ്റബിള്‍സ് തുടങ്ങിയ ഇതര സംസ്ഥാന വിതരണക്കാരില്‍നിന്നുമാണ് ആയിരക്കണക്കിന് ടണ്‍ പച്ചക്കറികള്‍  ഹോട്ടികോര്‍പ്പ്  കമ്മീഷന്‍ വ്യവസ്ഥയില്‍ വിലക്ക് വാങ്ങുന്നത്. ഓരോ ജില്ലകള്‍ക്കും ആവശ്യമുള്ളതിന്റെ നാലിരട്ടി വരെ പഴം പച്ചക്കറികള്‍ സംഭരിക്കുകയും അവയില്‍ ഭൂരിപക്ഷവും ഉപയോഗശൂന്യമെന്ന ഗണത്തില്‍പ്പടുത്തി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

തിരുവനന്തപുരം ഡി.പി.സി.യില്‍ ടണ്‍കണക്കിന് പച്ചക്കറികള്‍ കുഴിച്ചുമൂടുകയാണ്. യുഡിഎഫ് കാലത്ത് ലാഭത്തിലായിരുന്ന ഹോര്‍ട്ടി കോര്‍പ്പ് ഇപ്പോള്‍ കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും കമ്മീഷന്‍ വാങ്ങുന്നതിനുവേണ്ടി അന്യസംസ്ഥാന ലോബികളെ സഹായിക്കുന്ന സ്ഥിതിവിശേഷവുമാണ് ഹോര്‍ട്ടികോര്‍പ്പിനെ നിലവിലെ ദുരവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. ക്രമക്കേടിന്റെ  പേരില്‍ സര്‍വ്വീസില്‍ നിന്നും നാല് പ്രാവിശ്യം സസ്പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് പിരിച്ചുവിടപ്പെടുകയും ചെയത് ഉദ്യോഗസ്ഥനെ ആറ് ജില്ലകളുടെ ചുമതലയുളള റീജണല്‍ മാനേജറായി നിയമിച്ചത്  പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ രണ്ടു ഉദ്യോഗസ്ഥര്‍ ഇതിനിടയില്‍ ഏജന്റുമാരുടെ സഹായത്തോടെ വിദേശ സന്ദര്‍ശനം നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ പഴം, പച്ചക്കറി കര്‍ഷകരുടെ ഉല്പന്നങ്ങള്‍  സംഭരിക്കാതെ അന്യസംസ്ഥാന ലോബികളില്‍ നിന്നിം പഴങ്ങളും  പച്ചക്കറികളും കമ്മീഷന്‍ വ്യവസ്ഥയില്‍ വാങ്ങുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി സര്‍ക്കാര്‍  സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags: